കടല്‍ക്കൊല കേസ്: ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഹേഗില്‍ തുടങ്ങി

Posted on: July 9, 2019 6:48 pm | Last updated: July 9, 2019 at 8:18 pm

ന്യൂഡല്‍ഹി: കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഹേഗിലെ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയില്‍ തുടങ്ങി. നാവികരായ സാല്‍വത്തോറെ ജെറോണി, മസ്സിമിലിയാനോ ലാത്തോറെ എന്നിവര്‍ക്കെതിരായ എല്ലാ ക്രിമിനല്‍ കുറ്റങ്ങളും റദ്ദാക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടണമെന്ന ഇറ്റലിയുടെ ഹര്‍ജിയിലാണ് വിചാരണ നടക്കുന്നത്. 2012ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.

സംഭവം നടക്കുമ്പോള്‍ ഇറ്റാലിയന്‍ സര്‍ക്കാരിനുവേണ്ടിയാണ് നാവികര്‍ ജോലി ചെയ്തതെന്നും അതിനാല്‍ വിചാരണ റോമില്‍ നടത്തണമെന്നും ഇറ്റലിക്കുവേണ്ടി ഹാജരായ ഫ്രാന്‍സെസ്‌കോ അസാരെല്ലോ ആവശ്യപ്പെട്ടു. വിചാരണ ഇന്ത്യ നീട്ടിക്കൊണ്ടുപോകുന്നതായും ഇറ്റലി ആരോപിച്ചു. അതേ സമയം
ഇന്ത്യന്‍ പൗരന്‍മാരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്നും നാവികരെ അന്തിമ വിചാരണക്ക് വിട്ടുകിട്ടണമെന്നും ഇന്ത്യക്കുവേണ്ടി ഹാജരായ ജി ബാലസുബ്രഹ്മണ്യം കോടതിയില്‍ വാദിച്ചു.ഇറ്റലി സഹകരിച്ചിരുന്നെങ്കില്‍ വിചാരണ നേരത്തെ അവസാനിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നാവികര്‍ ഇറ്റലിയില്‍ തുടരും.