Connect with us

National

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരാഴ്ചക്കകം; ഉപാധ്യക്ഷനെയും തിരഞ്ഞെടുത്തേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഒരാഴ്ചക്കകം തിരഞ്ഞെടുത്തേക്കും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് പാര്‍ട്ടിയുടെ കേന്ദ്ര പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം തീരുമാനിച്ചു. ഏഴോ എട്ടോ ദിവസത്തിനകം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് പാര്‍ട്ടി നേതാവ് കരണ്‍ സിംഗ് പറഞ്ഞു.

മുതിര്‍ന്ന നേതാക്കളുടെ പട്ടികയില്‍ നിന്ന് അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമം പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ കാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, മീരാ കുമാര്‍, മുകുള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ ദിവസം എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യ, രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവരും പരിഗണനയിലുണ്ട്. ഒരു ഉപാധ്യക്ഷനെയും പട്ടികയില്‍ നിന്ന് കണ്ടെത്തിയേക്കും.

ഒരു ഇടക്കാല അധ്യക്ഷനെയും യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനായി നാല് മേഖലകളിലേക്കായി നാല് പ്രവര്‍ത്തക സമിതി അധ്യക്ഷന്മാരെയും തിരഞ്ഞെടുക്കണമെന്ന നിര്‍ദേശമാണ് കരണ്‍ സിംഗ് മുന്നോട്ടു വെക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് പകരക്കാരനായി സ്ഥിരം അധ്യക്ഷനെ കണ്ടെത്തുന്നതിന് പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശവും കരണ്‍ മുന്നോട്ടു വെക്കുന്നു.