ഡി എന്‍ എ പരിശോധനക്ക് വിധേയനാകണമെന്ന് മുംബൈ പോലീസ്; തയാറെന്ന് ബിനോയ് കോടിയേരി

Posted on: July 8, 2019 5:22 pm | Last updated: July 8, 2019 at 7:18 pm

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി ബിഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രതി ബിനോയ് കോടിയേരി ഡി എന്‍ എ പരിശോധനക്ക് വിധേയനാകണമെന്നും രക്തസാമ്പിളുകള്‍ നല്‍കണമെന്നും മുംബൈ പോലീസ്. അന്വേഷണ ഉദ്യോഗസ്ഥരുടെ രണ്ട് ആവശ്യങ്ങളും ബിനോയ് അംഗീകരിച്ചെന്നാണ് വിവരം.

ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് ബിനോയിക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതനുസരിച്ച് മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ ഹാജരായപ്പോഴാണ് ഡി എന്‍ എ പരിശോധനക്ക് വിധേയനാകണമെന്നും രക്തസാമ്പിളുകള്‍ നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. പോലീസ് ആവശ്യപ്പെട്ടാല്‍ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് പ്രതിക്ക് മുന്‍കൂര്‍ ജാമ്യമനുവദിച്ച മുംബൈ ദിന്‍ഡോഷി കോടതി നിര്‍ദേശിച്ചിരുന്നു.

തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി ആരോപിച്ച് ജൂണ്‍ 13നാണ് ബീഹാറുകാരിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയത്.