പശുക്കടത്തിന്റെ പേരില്‍ അവസാനിക്കാത്ത ആള്‍കൂട്ട അക്രമം

Posted on: July 8, 2019 1:49 pm | Last updated: July 8, 2019 at 5:30 pm

ഭോപ്പാല്‍: ബി ജെ പിമാറി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ടും മധ്യപ്രദേശില്‍ പശുക്കടത്തിന്റേയും മറ്റും പേര് പറഞ്ഞുള്ള ആള്‍കൂട്ട അക്രമണം അവസാനിക്കുന്നില്ല. മധ്യപ്രദേശിലെ ഖന്ദ്വ ജില്ലയില്‍ നിന്നാണ് ഏറ്റവും പുതിയ ഞെട്ടിക്കുന്ന വാര്‍ത്ത. പശുക്കടത്ത് അരോപിച്ച് 24 യുവാക്കളെ കൈകള്‍ ബന്ധിച്ച് നടത്തിപ്പിക്കുകും ഗോ മാതാ കീ ജയ് വിളിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.

യുവാക്കളെ മുട്ടുകുത്തിച്ച് നിലത്ത് ഇരുത്തിയ ശേഷം കയറ് ഉപയോഗിച്ച് ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെക്കൊണ്ട് ഭീഷണിപ്പെടുത്തി ഗോമാതാ കീ ജയ് വിളിപ്പുക്കുകയായിരുന്നു. പിന്നീട് വടികളേന്തിയ ആള്‍കൂട്ടം കയറില്‍ ബന്ധിച്ച യുവാക്കളെ റോഡിലൂടെ നടത്തിക്കുകയുമായിരുന്നു.

റോഡിലൂടെ മൂന്ന് കിലോമീറ്ററോളം യുവാക്കളെ ഇത്തരത്തില്‍ നടത്തിയ ശേഷം സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.