Connect with us

Kerala

ഹജ്ജ് ക്യാമ്പ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ മന്ത്രി ഡോ. കെ ടി ജലീലിന്റെ നേതൃത്വത്തിൽ വിലയിരുത്തുന്നു. ചെയർമാൻ സി മുഹമ്മദ് ഫൈസി, ജില്ലാ കലക്ടർ ജാഫർ മലിക് സമീപം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് യാത്രക്ക് നാളെ തുടക്കം കുറിക്കാനിരിക്കെ ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി. ഹജ്ജ് ഹൗസിലെ സൗകര്യങ്ങൾക്ക് പുറമെ 20,000 ചതുരശ്ര അടിയിൽ തൂവെള്ള പന്തലും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകൾ പന്തലിലായിരിക്കും നടക്കുക. 1,300 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കും. ഇന്ന് വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഹജ്ജ് ഹൗസിനോട് ചേർന്ന് നിർമിക്കുന്ന വനിതാ ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്തി നിർവഹിക്കും. ഹജ്ജ് കാര്യ മന്ത്രി കെ ടി ജലീൽ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ബോധന പ്രസംഗം നടത്തും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി സ്വാഗതം പറയും. എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബശീർ, എളമരം കരീം, എം കെ രാഘവൻ, പി വി അബ്ദുൽ വഹാബ്, എം എൽ എ മാരായ മുഹമ്മദ് മുഹ്‌സിൻ, ടി വി ഇബ്‌റാഹീം, പി അബ്ദുൽ ഹമീദ്, കാരാട്ട് റസാഖ്, പി ടി എ റഹീം, പാലോളി മുഹമ്മദ് കുട്ടി, ടി കെ ഹംസ, കെ മുഹമ്മദുണ്ണി ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ, കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്‌സൺ കെ സി ഷീബ, എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, മുൻ ചെയർമാൻമാർ, വിവിധ മത, രാഷ്ട്രീയ, സാമൂഹിക, സേവന മേഖലയിലെ പ്രമുഖർ സംബന്ധിക്കും.

ഹജ്ജ് ക്യാമ്പിന് മുന്നോടിയായി ഹജ്ജ് സെൽ പ്രവർത്തനം വ്യാഴാഴ്ച തന്നെ ആരംഭിച്ചിരുന്നു. കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ ഇൻ ചാർജ് ആയി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥൻ നസീം അലിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഇവിടെ എത്തി. ഖാൻ മുഹമ്മദ് മാൽക്കം അൻസാരി സഹബാഹ്, ഉൽദേ മുഈൻ, ശൈഖ് മുഹമ്മദ് സഫർ എന്നിവർ കോ- ഓഡിനേറ്റർമാരായിരിക്കും. ഡി വൈ എസ് പി എസ് നജീബാണ് ഹജ്ജ് സെൽ ഓഫീസർ.

ഒരുക്കങ്ങൾ വിലയിരുത്താൻ നേരിട്ടെത്തി
ഹജ്ജ് മന്ത്രി

മലപ്പുറം: കരിപ്പൂരിൽ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ ഒരുക്കങ്ങൾ നേരിട്ടു വിലയിരുത്താൻ ഹജ്ജ് മന്ത്രി ഡോ. കെ ടി ജലീൽ ഹജ്ജ് ഹൗസിൽ നേരിട്ടെത്തി. ഹജ്ജ് ക്യാമ്പിലെത്തിയ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തി. തുടർന്ന് ഹജ്ജ് എക്‌സിക്യൂട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കലക്ടറുമായ ജാഫർ മാലിക്കിനൊപ്പം ക്യാമ്പ് മുഴുവൻ നടന്ന് കണ്ടു. ഹാജിമാർ ക്യാമ്പിൽ വരുന്നത് മുതൽ വിമാനത്താവളത്തിലേക്ക് പോവുന്നത് വരെയുള്ള മുഴുവൻ നടപടി ക്രമങ്ങളും വിലയിരുത്താനായി ഹജ്ജ് സെല്ലിന്റെ നേതൃത്വത്തിൽ നടന്ന മോക് ഡ്രില്ലിലും മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.

ഹജ്ജ് ഹൗസിനോട് ചേർന്ന് പുതുതായി നിർമിക്കുന്ന വനിതാ ബ്ലോക്കിനുള്ള സ്ഥലവും മന്ത്രി സന്ദർശിച്ചു.
ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടുന്ന ബ്ലോക്കിന്റെ നിർമാണ പ്രവർത്തനം ഈ വർഷത്തെ ക്യാമ്പ് തീരുന്നതോടെ ആരംഭിക്കുമെന്നും അടുത്ത സീസണിന് മുമ്പായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയ. സി മുഹമ്മദ് ഫൈസി, അംഗങ്ങളായ പി അബ്ദുർറഹ്‌മാൻ എന്ന ഇണ്ണി, എം എസ് അനസ്, ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി, എച്ച് മുസമ്മിൽ ഹാജി, മുഹമ്മദ് ഖാസിം കോയ പൊന്നാനി, എൽ സുലൈഖ, മുൻ ചെയ. തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, അസി. സെക്ര. ടി കെ അബ്ദുർറഹ്‌മാൻ, സെൽ ഓഫീസർ എസ് നജീബ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിശദീകരിച്ചു.

തസ്‌കിയത്ത് സെല്ല് സജീവം

കരിപ്പൂർ: ഹജ്ജ് ക്യമ്പിന്റെ പ്രധാന ഭാഗമായ തസ്‌കിയത്ത് സെല്ലിന്റെ യോഗം കൺവീനർ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയുടെ അധ്യക്ഷതയിൽ ചേർന്നു. ആരാധനാ കർമങ്ങൾ, പഠന ക്ലാസുകൾ, പ്രാർഥനാ സദസ്സ്, ഉദ്‌ബോധനങ്ങൾ, യാത്രയയപ്പ് എന്നിവക്ക് നേതൃത്വം നൽകുന്ന തസ്‌കിയത്ത് സെല്ല് ഓരോന്നിന്റെയും സമയക്രമങ്ങളും നേതൃത്വം നൽകുന്നവരുടെ ലിസ്റ്റുകളും തയ്യാറാക്കി.

തസ്‌കിയത്ത് ചെയർമാൻ കെ എം ഖാസിം കോയ ഉദ്ഘാടനം ചെയ്തു, ഹജ്ജ് കമ്മിറ്റി മെമ്പർ അബ്ദുറഹിമാൻ ഇണ്ണി, ഇ കെ മുഹമ്മദ് കോയ സഖാഫി, കോഴിക്കര മുഹമ്മദലി, നൗഫൽ അസ്ഹരി തവനൂർ, കോപ്പിലാൻ അബൂബക്കർ ഹാജി, ഹജ്ജ് ക്യാമ്പ് ഇമാം ഹാഫിള് അബ്ദുർറസാഖ് ഫാളിലി, കെ അഹമ്മദ് ഹാജി സംബന്ധിച്ചു.

സഊദി എയർലൈൻസ് അധികൃതർ ഹജ്ജ് ഹൗസ് സന്ദർശിച്ചു

കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ കോഴിക്കോട് എയർപോർട്ടിൽ നിന്നുള്ള ഹാജിമാരുടെ യാത്രയുമായി ബന്ധപ്പെട്ട് സഊദി എയർലൈൻസ് അധികൃതർ കരിപ്പൂർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. ചെയർമാൻ സി മുഹമ്മദ് ഫൈസിയുമായി നടത്തിയ ചർച്ചയിൽ തീർഥാടകർക്കായി ഹജ്ജ് ക്യാമ്പിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ അധികൃതർ സംതൃപ്തി രേഖപ്പെടുത്തി.

ഹജ്ജ് ഹൗസിൽ ഒരുക്കിയ എയർലൈൻസ് ഓഫീസ് ക്രമീകരണങ്ങൾ ചെയർമാന്റെ സാന്നിധ്യത്തിൽ അധികൃതർ വിലയിരുത്തി. സഊദി എയർലൈൻസ് ഇന്ത്യൻ മാനേജർ ഇബ്‌റാഹീം മുഹമ്മദ് അൽ ഖുബ്ബി, ഓപറേഷൻ മാനേജർ ഹാനി അൽ ജലൂം, എക്‌സിക്യൂട്ടീവ് ഓഫീസർ, എസ് കെ സിംഗ്, ബ്രാഞ്ച് മാനേജർ അർജുൻ, സഊദി ഹജ്ജ് കോ- ഓഡിനേറ്റർ സിദ്ദാർഥ് സംഘത്തിലുണ്ടായിരുന്നു.

ഹജ്ജ് കമ്മിറ്റി മെമ്പർ അബ്ദുർറഹ്‌മാൻ എന്ന ഇണ്ണി, ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, എം എസ് അനസ്, എച്ച് മുസമ്മിൽ ഹാജി, ഖാസിം കോയ പൊന്നാനി, അസി. സെക്ര. ടി കെ അബ്ദുർറഹ്‌മാൻ, ഹജ്ജ് സെൽ ഓഫീസർ എസ് നജീബ് സംബന്ധിച്ചു.

Latest