ജയിലില്‍ സി പി എം പ്രവര്‍ത്തകന്റെ കൊല: ഒമ്പത് ആര്‍ എസ് എസുകാര്‍ക്ക് ജീവപര്യന്തം

Posted on: July 5, 2019 7:58 pm | Last updated: July 6, 2019 at 10:09 am

തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ സി പി എം പ്രവര്‍ത്തകനെ അടിച്ചുകൊന്ന കേസില്‍ ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. രാഷ്ട്രീയ വൈരാഗ്യത്താല്‍, ജീവപര്യന്തം ശിക്ഷാ തടവുകാരനും സി പി എം പ്രവര്‍ത്തകനുമായ വടകര കല്ലാച്ചി കക്കട്ട് അമ്പലക്കുളങ്ങരയിലെ കെ പി രവീന്ദ്രനെ (48) അടിച്ചുകൊന്ന കേസിലാണ് തലശ്ശേരി മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ ആറു മാസം അധിക തടവ് അനുഭവിക്കണമെന്ന് ജഡ്ജി പി എന്‍ വിനോദ് വിധിച്ചു.

ഒന്നാം പ്രതി സെന്‍ട്രല്‍ പൊയിലൂരിലെ ചാലില്‍ വീട്ടില്‍ എ സി പവിത്രന്‍ (49), തൃശൂര്‍ വാടാനപള്ളിയിലെ കാഞ്ഞിരത്തിങ്കല്‍ ഫല്‍ഗുനന്‍ (49), സെന്‍ട്രല്‍ പൊയിലൂരിലെ കുഞ്ഞിപ്പറമ്പില്‍ കെ പി രഘു (50), കോഴിക്കോട് അരക്കിണറിലെ ബദ്ര നിവാസില്‍ സനല്‍പ്രസാദ് (45), കൂത്തുപറമ്പ് നരവൂരിലെ കോയപ്പന്‍ വീട്ടില്‍ പി കെ ദിനേശന്‍ (48), മൊകേരി കുനിയില്‍ വീട്ടില്‍ ശശി എന്ന കൊട്ടക്ക ശശി (49), കൂത്തുപറമ്പ് കൊയബ്രന്‍ വീട്ടില്‍ അനില്‍ കുമാര്‍ (47), സെന്‍ട്രല്‍ പൊയിലൂരിലെ തരശ്ശിയില്‍ സുനി (43), കോഴിക്കോട് ബാലുശ്ശേരിയിലെ പി വി അശോകന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

2004 ഏപ്രില്‍ ആറിന് വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. ഏഴാം ബ്ലോക്കിന്റെ മുറ്റത്തു വച്ച് രവീന്ദ്രനെ പ്രതികള്‍ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും റിമാന്‍ഡ് തടവുകാരുമായ ദിനേശന്‍ എന്ന പേട്ട ദിനേശന്‍, എച്ചിലാട്ട് ചാലില്‍ പവിത്രന്‍, ഫല്‍ഗുനന്‍, രഘു, ദിനേശന്‍, സനല്‍പ്രസാദ്, ശശി തുടങ്ങി 31 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇവരില്‍ 20 പ്രതികള്‍ ജീവപര്യന്തം തടവുകാരും 11  പേര്‍ വിചാരണ തടവുകാരുമാണ്.

മറ്റൊരു ‘കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് രവീന്ദ്രന്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. ജയില്‍ സ്റ്റോര്‍ തകര്‍ത്തും ബ്ലോക്കുകളെ വേര്‍തിരിച്ച വേലിയില്‍ നിന്ന് പിഴുതെടുത്തും കൈക്കലാക്കിയ ഇരുമ്പ് പട്ട, ഇരുമ്പു വടി, മരവടി എന്നിവ ഉപയോഗിച്ചാണ് പ്രതികള്‍ അക്രമം നടത്തിയത്. പരുക്കേറ്റ രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. അക്രമത്തില്‍ വളയത്തെ രാജു, പാലക്കാട്ടെ രാഗേഷ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എം കെ ദിനേശന്‍, അഡ്വ. എന്‍ ഷംസുദ്ദീന്‍ എന്നിവരും പ്രതിഭാഗത്തിനായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, അഡ്വ. എന്‍ ഭാസ്‌കരന്‍ നായര്‍, ഇ എസ് ഈശ്വരന്‍, പി പ്രേമരാജന്‍, ടി സുനില്‍കുമാര്‍ എന്നിവരും ഹാജരായി.