Connect with us

Articles

അത് വിഷമാണ്, പ്രണയിക്കരുത്‌

Published

|

Last Updated

നമ്മുടെ വിദ്യാലയങ്ങള്‍ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ്? നമ്മുടെ സംസ്ഥാനത്ത് വന്ന് കൂടിയ മഹാ വിപത്തിനെ കുറിച്ച് എന്തെങ്കിലും കേട്ടിട്ടുണ്ടോ? മക്കളുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങളില്‍ നിങ്ങള്‍ക്ക് അത്ഭുതവും ആശങ്കയും തോന്നിയിട്ടുണ്ടോ?
ഇങ്ങനെ തോന്നുന്ന നിരവധി രക്ഷിതാക്കള്‍ നമുക്ക് ചുറ്റിലുമുണ്ട്.

പല രക്ഷിതാക്കള്‍ക്കും എന്താണ് സംഭവിക്കുന്നത് എന്ന് പോലും തിരിച്ചറിയാനാകാത്ത വിധം കുട്ടികള്‍ മാറിപ്പോയിരിക്കുന്നു. ഒരാഴ്ച മുമ്പ് വരെ മാതാവിനോടും പിതാവിനോടും കുശലം പറഞ്ഞും തമാശ പറഞ്ഞും നടന്നവര്‍ പോലും അപ്രതീക്ഷിതമാം വിധം അവരോട് അകന്നിരിക്കുന്നു. കാരണങ്ങള്‍ കണ്ടെത്തുകയാണ് പ്രധാനം.
വര്‍ധിച്ചുവരുന്ന മയക്കുമരുന്ന്, ലഹരി മാഫിയകളുടെ വിളനിലമായി വിദ്യാലയങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യമാണ് പുറത്ത് വരുന്നത്. കഞ്ചാവും മദ്യവും പാന്മസാലകളും തുടങ്ങി ഫെവിക്കോളും വൈറ്റ്‌നറും വരെ കുട്ടികള്‍ ലഹരിക്കായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. അധ്യാപകരും രക്ഷിതാക്കളും കൂടുതല്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മക്കള്‍ എന്നേക്കുമായി നമുക്ക് നഷ്ടപ്പെടും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നാളിതുവരെ നടത്തിയ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. നമ്മള്‍ കരുതിയതിലും ഭീകരമാണ് കുട്ടികളുടെ അവസ്ഥ. ഒരു പരീക്ഷണത്തിന് വേണ്ടിയാകും കൂട്ടുചേര്‍ന്ന് ആദ്യം മയക്കുമരുന്ന് ഉപയോഗിക്കുക. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പോലും ആസക്തി ഉണ്ടാക്കുന്നവയാണ് മയക്കു മരുന്നുകള്‍.

ലഹരികളെ പ്രധാനമായും നാലായി
തരം തിരിച്ചിട്ടുണ്ട്.
1. ഉത്തേജകങ്ങള്‍
2. മന്ദീഭവങ്ങള്‍
3. വിഭ്രജനഗങ്ങള്‍
4. മറ്റുള്ളവ

എന്താണ് ഉത്തേജകങ്ങള്‍?

ഉത്തേജകങ്ങള്‍ കേന്ദ്ര നാഡീവ്യൂഹത്തെ ഉദ്ദീപിപ്പിച്ചു പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. ഉത്തേജകങ്ങളുടെ ഉപയോഗം ആത്മഹത്യ, കൊലപാതകം, അക്രമ വാസന, കുറ്റകൃത്യങ്ങള്‍, മനോരോഗം എന്നിവക്ക് കാരണമാകുന്നു. ഉദാ: കഫീന്‍, നിക്കോട്ടിന്‍, കഞ്ചാവ്, കൊക്കെയ്ന്‍, സ്റ്റിറോയ്ഡ് തുടങ്ങിയവ.

എന്താണ് മന്ദീഭവങ്ങള്‍?

ആദ്യം രസിപ്പിക്കുകയും പിന്നീട് തളര്‍ച്ചയും മന്ദതയും ഉണ്ടാക്കുകയും ചെയ്യുന്നു. ലഹരി പിടിച്ചു കഴിഞ്ഞാല്‍ ധാര്‍മിക സദാചാര വിലക്കുകള്‍ ലംഘിച്ചു പ്രവര്‍ത്തിക്കാനിടവരികയും മറ്റുള്ളവരെ വകവെക്കാതിരിക്കുകയും ആക്രമിക്കുകയും ചെയ്യും.
ഉദാ: മദ്യം, കറുപ്പ്, ബ്രൗണ്‍ ഷുഗര്‍, മോര്‍ഫിന്‍, പെത്തഡിന്‍ തുടങ്ങിയവ.

എന്താണ് വിഭ്രജനഗങ്ങള്‍?

പ്രകൃതിജന്യവും കൃത്രിമമായി നിര്‍മിക്കുന്നതുമുണ്ട്. ഇവയുടെ പ്രവര്‍ത്തനം കേന്ദ്ര നാഡീവ്യൂഹത്തെ ആകമാനം ബാധിക്കും. ബുദ്ധിഭ്രമം സംഭവിച്ച് ധാരണാ ശക്തിയില്‍ വൈകൃതവും ദുര്‍വ്യാഖ്യാനവും കടന്നു കൂടും. ഉള്ള വസ്തുവിനെ മറ്റു വല്ല രീതിയിലും മനസ്സിലാക്കും. ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യും. മതിഭ്രമം ഉണ്ടാക്കും. ഇക്കൂട്ടര്‍ കഠിന വിഷാദ രോഗികളും ആത്മഹത്യാ പ്രവണത ഉള്ളവരുമായിരിക്കും.
ഉദാ: എല്‍ എസ് ഡി, മെസ്‌ക്കുലിന്‍, മാജിക് മഷ്റൂം തുടങ്ങിയവ.

മറ്റുള്ളവ

ഫെവി ഗം, വൈറ്റ്‌നര്‍, ടാബ്ലെറ്റ്സ്, പെട്രോള്‍ തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ളത്. മയക്കു വസ്തുക്കള്‍ ഗുളിക രൂപത്തിലും പൊടിവലി, പുകവലി, ആവിവലി, കുത്തിവെപ്പ് എന്നീ രൂപങ്ങളിലും ഉപയോഗിക്കുന്നുണ്ട്. മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ പെട്ടെന്ന് ശാരീരിക-മാനസിക രോഗങ്ങള്‍ക്ക് അടിമകളാകും.

എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ മയക്കു മരുന്നിലേക്ക് വീണു പോകുന്നത്.

1. ആകാംക്ഷ
2. പരീക്ഷണാടിസ്ഥാനത്തില്‍
ഉപയോഗിക്കുന്നതിലൂടെ
3. അവഗണന
4. നിയന്ത്രണാധീതമായ ആസ്വാദനം
5. സമപ്രായക്കാരുടെ സ്വാധീനം
6. വഞ്ചനയിലൂടെ അകപ്പെടുന്നു
7. അമിതമായ അനുകരണ ശീലം
8. മറഞ്ഞിരിക്കുന്ന മാഫിയകളുടെ
പ്രവര്‍ത്തനം
9. എളുപ്പത്തില്‍ ലഭ്യമാകുന്നത് കൊണ്ട്
10. നിര്‍ഗുണമായ രക്ഷാകര്‍തൃത്വം

തിരിച്ചറിയാം

1. കണ്ണുകള്‍ ചുവന്നിരിക്കും.
2. മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട പ്രകൃതം.
3. കണ്ണുകള്‍ക്ക് താഴെ ഇരുണ്ട നിറം.
4. മങ്ങിയതും അവ്യക്തവുമായ സംസാരം.
5. വേച്ച് വേച്ചുള്ള നടപ്പ്.
6. വൃത്തിയില്ലായ്മ.
7. വിശപ്പില്ലായ്മ / വിശപ്പ് കൂടുതല്‍.
8. ഛര്‍ദി.
10. തൂക്കം കുറയുക.
11. ക്രൂരതയും അക്രമ സ്വഭാവവും.
12. പ്രസന്നത നഷ്ടപ്പെടുക.
13. വീട്ടില്‍ വരാതിരിക്കുക.
14. അധിക സമയം റൂമില്‍
വാതിലടച്ചിരിക്കുക.
15. ബാത്‌റൂമിലും മറ്റും കൂടുതല്‍
സമയം ചെലവഴിക്കുക.
16. സ്‌കൂളില്‍ പോകാനുള്ള അലസത.
17. പഠനത്തില്‍ തീരെ താത്പര്യം കുറയുക.
18. ഓര്‍മക്കുറവ്.
19. കൈയില്‍ കറ, സിറിഞ്ച്
പ്രയോഗിച്ച പാട്.
20. കൃത്യത ഇല്ലായ്മ.
21. തീവ്ര വൈകാരിക സ്വഭാവം.

ഇത്തരം കാര്യങ്ങളിലെല്ലാം രക്ഷിതാക്കളും അധ്യാപകരും നിതാന്തമായ ജാഗ്രത പുലര്‍ത്തണം. മക്കളുടെ കാര്യത്തില്‍ ഇത്തരത്തില്‍ എന്തെങ്കിലും സംശയങ്ങള്‍ തോന്നിയാല്‍ ഉടന്‍ തന്നെ കൗണ്‍സിലിംഗിനും വിദഗ്ധ ചികിത്സക്കും വിധേയമാക്കണം.

മയക്കു മരുന്നിന് അടിമപ്പെട്ടവരില്‍ അതിയായ അക്രമ സ്വഭാവവും മാനസിക സംഘര്‍ഷങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. അത് കുട്ടികളുടെ ജീവിതത്തെ തന്നെ നശിപ്പിക്കും. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരില്‍ കുറ്റബോധം നിഴലിക്കും. ആത്മാഭിമാനം കുറവായിരിക്കും. ഇതര ലിംഗത്തില്‍ പെട്ടവരോടുള്ള മനോഭാവങ്ങളും ധാരണകളും ബന്ധവും വികലമായിരിക്കും. ഇവരില്‍ അതിയായ മാനസിക രോഗലക്ഷണങ്ങളും ഉണ്ടാകും.

നിതാന്ത ജാഗ്രത തന്നെയാണ് ആവശ്യം. കാരണം, അത്രമേല്‍ ഗുരുതരമാണ് കലാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
(പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് കേരള സ്റ്റേറ്റ് പ്രസിഡന്റ, ഫോണ്‍: 8891582339)