Connect with us

National

രണ്ടാം മോദി സര്‍ക്കാറിന്റെ പൊതു ബജറ്റ് വെള്ളിയാഴ്ച; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് സഭയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ പൊതു ബജറ്റ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വെക്കും. സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള പദ്ധതികളാകും ധനമന്ത്രി നിര്‍മല സീതാരാമന്റെ കന്നി ബജറ്റില്‍ ഉണ്ടാവുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനൊപ്പം തൊഴില്‍, കാര്‍ഷിക മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായേക്കും.

ആഭ്യന്തര വളര്‍ച്ചാന നിരക്ക് 6.8 ശതമാനമായി കുറഞ്ഞത്, കാര്‍ഷിക-വ്യാവസായിക മേഖലകളിലെ മാന്ദ്യവും മുരടിപ്പും, നോട്ട് നിരോധനത്തിന്ററെയും ജി എസ് ടിയുടെയും പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയാണ് ബജറ്റ് അവതരിപ്പിക്കുന്ന അവസരത്തില്‍ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികള്‍. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഓഹരികള്‍ വിറ്റഴിച്ച് 90,000 കോടി രൂപ കണ്ടെത്തുകയെന്ന ഇടക്കാല ബജറ്റിലെ നിര്‍ദേശത്തിന് പൊതു ബജറ്റില്‍ എത്രത്തോളം പ്രാധാന്യം നല്‍കുമെന്നതും നിര്‍ണായകമാണ്.

48 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ. കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന ബേങ്കിംഗ്, ഓട്ടോ, നിര്‍മാണ മേഖല, ചെറുകിട വ്യവസായം തുടങ്ങിയവക്ക് പ്രത്യേക ഇളവുകള്‍ നല്‍കി ഊര്‍ജിതപ്പെടുത്താനുള്ള പരിപാടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.

ബേങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഗ്രാമീണ സമ്പദ് വ്യവസ്ഥയും പ്രതിസന്ധിയിലാണ്. ഇതെല്ലാം കണക്കിലെടുക്കാതെ രാജ്യത്തിന് മുന്നോട്ടു പോകാനാകില്ലെന്നതാണ് അവസ്ഥ. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് സാമ്പത്തിക മേഖലയുടെ വളര്‍ച്ചക്കും അഭിവൃദ്ധിക്കുമായി എന്ത് ചെപ്പടി വിദ്യകളാകും മന്ത്രി കൈയില്‍ കരുതിയിട്ടുണ്ടാവുക എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Latest