സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

Posted on: July 3, 2019 6:42 pm | Last updated: July 3, 2019 at 7:16 pm


തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ എസ് യു വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത് അറിയിച്ചു.

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കെഎസ്യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തിരുന്നു. സംസ്ഥാന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു പിന്നാലെ പ്രവര്‍ത്തകരെ പോലീസ് തടയുകയായിരുന്നു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി.

മാര്‍ച്ച് കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാത്തതാണ് സംഘര്‍ഷത്തിലെത്തിച്ചത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പോലീസ് ആദ്യം പ്രയോഗിച്ചു. എന്നാല്‍ പ്രകോപനകരമായ മുദ്രാവാക്യവും കല്ലേറും തുടര്‍ന്നതോടെ പോലീസ് ലാത്തിവീശുകയായിരുന്നു.