കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍

Posted on: July 2, 2019 11:00 pm | Last updated: July 3, 2019 at 10:40 am

ലക്‌നൗ: യു പിയിലെ കാസ്ഗഞ്ചില്‍ കാണാതായ എട്ടു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വികൃതമാക്കപ്പെട്ട നിലയിലാണ് മൃതദേഹം ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഈ വീട്ടിലെ വൃദ്ധയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത പേരമകന്‍ ഒളിവിലാണ്.

കനമേറിയ എന്തോ വസ്തു കൊണ്ട് കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മുഖം ആസിഡ് ഉപയോഗിച്ച് വികൃതമാക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരൂവെന്ന് കസ്ഗഞ്ച് എ എസ് പി. പവിത്ര മോഹന്‍ ത്രിപാഠി പറഞ്ഞു.

കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതായതായി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വൃദ്ധ താമസിക്കുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തുകയുമായിരുന്നു.