Connect with us

Kerala

മലയാള സര്‍വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി

Published

|

Last Updated

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലക്ക് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനെതിരായി സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവി പെറ്റീഷന്‍ ഫയലില്‍ സ്വീകരിക്കാതെ സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മലയാള സര്‍വകലാശാലക്ക് മുന്നോട്ട് പോകാമെന്ന ഹൈക്കോടതി വിധിയ്ക്ക് എതിരെ നല്‍കിയ പരാതിയാണ് സുപ്രീംകോടതി തള്ളിയത്. സര്‍വകലാശാല ഫയല്‍ ചെയ്ത റിട്ട് അപ്പീലില്‍ 942/2019 ല്‍ മാര്‍ച്ച് 29ന് ആയിരുന്നു ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

തങ്ങളുടെ സ്ഥലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ഭൂഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടയില്‍ “വസ്തുവില്‍ക്കണമെങ്കില്‍ സ്വന്തം നിലയ്ക്ക് വിറ്റുകൂടെയെന്ന് ” കോടതി ആരാഞ്ഞു. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു സര്‍വകലാശാല പോലും സ്ഥാപിക്കാമല്ലോയെന്നും കോടതി പരിഹാസരൂപേണ ഹരജിക്കാരോട് ആരാഞ്ഞു. വസ്തുവില്‍ക്കാന്‍ വേണ്ടി കോടതിയെ സമീപ്പിക്കുന്ന ആദ്യത്തെ ഹര്‍ജിക്കാരാണ് നിങ്ങളെന്നും കോടതി പറഞ്ഞു.

ഇതോടുകൂടി സര്‍വകലാശാല കണ്ടെത്തിയ വെട്ടം വില്ലേജിലെ മാങ്ങാട്ടിരി യിലുള്ള ഭൂമി ഏറ്റെടുക്കുന്നതിനുണ്ടായിരുന്ന നിയമ തടസ്സങ്ങളും രാഷ്ട്രീയ കരുനീക്കങ്ങളും നീങ്ങി. മലയാളസര്‍വകലാശാലയ്ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനസര്‍ക്കാറിനും സര്‍വകലാശാലക്കും മുന്നോട്ട് പോകാന്‍ ഇനി സാധ്യമാകും.

Latest