മഹാരാഷ്ട്രയില്‍ കനത്ത മഴ; മതിലുകള്‍ ഇടിഞ്ഞുവീണ് 29 പേര്‍ മരിച്ചു

Posted on: July 2, 2019 9:24 pm | Last updated: July 3, 2019 at 10:40 am

മുംബൈ: മഹാരാഷ്ട്രയില്‍ ദുരന്തം വിതച്ച് കനത്ത മഴ. തിങ്കളാഴ്ച അര്‍ധരാത്രി വിവിധയിടങ്ങളില്‍ മതിലുകള്‍ ഇടിഞ്ഞു വീണ് 29 പേരാണ് മരിച്ചത്. മുംബൈ വിമാനത്താവളത്തില്‍ എസ് ജി 6237 സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. പ്രധാന റണ്‍വേ രണ്ടു ദിവസത്തേക്ക് അടച്ചിട്ടുണ്ട്.

കിഴക്കന്‍ മലാഡ് പ്രദേശത്ത് കുന്നിന്റെ താഴ്‌വരയിലെ അംബേദ്കര്‍ കോളനിയില്‍ കുടില്‍ കെട്ടി താമസിച്ചവരാണ് കൂടുതലായും ദുരന്തത്തിനിരയായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

അതിനിടെ, പൂനെയിലെ സിന്‍ഗഡ് കോളജിന്റെ മതിലിടിഞ്ഞു വീണ് ആറ് തൊഴിലാളികളും കല്യാണിലെ ഒരു മദ്‌റസക്കു മുകളിലേക്ക് മതിലിടിഞ്ഞു വീണ് മൂന്ന് പേര്‍ മരിച്ചു. കുര്‍ള ഭാഗത്ത് ഒരു നില കെട്ടിടത്തിന്റെ ഉയരത്തില്‍ വെള്ളമുയര്‍ന്നു. കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് മുംബൈ, താനെ, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ നാളെയും പൊതു അവധി പ്രഖ്യാപിച്ചു.