ഒരു നഗരം വരണ്ടുണങ്ങുമ്പോള്‍ രാജ്യത്തെ മറ്റൊരു മഹാനഗരം പ്രളയത്തില്‍ വലയുന്നു

Posted on: July 2, 2019 10:03 am | Last updated: July 2, 2019 at 12:51 pm

 മുംബൈ/ ചെന്നൈ:രാജ്യത്തെ വലിയ നഗരങ്ങളിലൊന്നായ ചെന്നൈ കൊടുചൂടില്‍ കുടിവെള്ളം പോലും ലഭിക്കാതെ വറ്റി വരളുമ്പോള്‍ മറ്റൊരു മഹാനഗരം കനത്ത മഴയില്‍ വലയുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയാണ് മഴയില്‍ ദുരിതത്തിലായത്. മുംബൈയിലും പരിസര പ്രദേശമായ താനെയിലുമായി ഇതിനകം 21 പേര്‍ മരിച്ചു. കനത്ത മഴയില്‍ മണ്ണിടിഞ്ഞ് മുംബൈ മലാഡില്‍ 12 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുംബൈക്കും സമീപത്തുമാണ് മറ്റു മരണങ്ങള്‍. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

അടുത്ത 48 മണിക്കൂറില്‍കൂടി മുംബൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടുകളില്‍ പുറത്തിറങ്ങരുതെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കെല്ലാം സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ ഇന്നലെ ഗൂഡ്‌സ് ട്രെയിന്‍ പാളംതെറ്റിയത് ട്രയിന്‍ ഗതാഗതത്തെ ബാധിച്ചിരുന്നു. ഗുഡ്‌സ് ട്രെയ്‌നിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്. ഇതേ തുടര്‍ന്ന് മുംബൈ- പൂനൈ ഇന്റര്‍സിറ്റി അടക്കമുള്ള മിക്ക ട്രെയ്‌നുകളും ഓടിയില്ല. മുബൈ- അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു. മധ്യ റെയില്‍വേയില്‍ പാളങ്ങള്‍ പലയിടത്തും വെള്ളത്തിനടിയിലാണ്.

അതേ സമയം ചെന്നൈയില്‍ കുടിനീരിനായി ജനം ഉറക്കമിളച്ചും ടാങ്കറുകള്‍ക്കായി കാത്തിരിക്കുകയാണ്. കേരളമടക്കമുള്ള അയല്‍ സംസ്ഥാനത്തുള്ളവര്‍ പലരും വെള്ളമില്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങി. ചെന്നൈ നഗരത്തിന്റെ കുടിവെള്ള സ്രോതസ്സായിരുന്ന നാല് തടാകങ്ങളും വറ്റിവരണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പുണ്ടായ പ്രളയത്തില്‍ നിറഞ്ഞ് ഒഴുകിയ തടകാങ്ങളാണിത്. ടാങ്കറുകളില്‍ പോലും വെള്ളമെത്തുന്നില്ലെന്ന് ജനം പറയുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് പണം അടച്ചാണ് പല സമ്പന്നരും ഒരു ടാങ്കര്‍ വെള്ളം വാങ്ങുന്നത്. എന്നാല്‍ സാധാരണക്കാരകട്ടെ റേഷന്‍ പോലെ ലഭിക്കുന്ന രണ്ടോ, മൂന്നോ പാനി വെള്ളംകൊണ്ട് ദിവസം തള്ളിനീക്കുന്നു. ചെന്നൈയില്‍ മണ്‍സൂണ്‍ എത്താന്‍ ഇനിയും രണ്ട് മാസം കഴിയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുമെന്ന് ഉറപ്പാണ്.