National
കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ ഉലയുന്നു; രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാരിന് കടുത്ത തിരിച്ചടി നല്‍കി രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവച്ചു. വിജയനഗര കോണ്‍ഗ്രസ് എം എല്‍ എ. ആനന്ദ് സിംഗ്, മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവും ഗോകഖ് എം എല്‍ എയുമായ രമേശ് ജര്‍ക്കിഹോളി എന്നിവരാണ് രാജിവക്കുന്നതായി സ്പീക്കറെ കത്ത് മുഖാന്തിരം അറിയിച്ചത്. രാജിവച്ച വിവരം ധരിപ്പിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാലയെ കാണുമെന്നും ആനന്ദ് സിംഗ് അറിയിച്ചു. സിംഗിന്റെ രാജി വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ രമേശ് ജര്‍ക്കിഹോളി രാജി നല്‍കിയത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി യു എസ് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് രാജി. ജൂലൈ എട്ടിനു മാത്രമെ അദ്ദേഹം തിരിച്ചെത്തൂ.
ബെല്ലാരിയിലെ 3,667 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഒരു സ്റ്റീല്‍ കമ്പനിക്ക് നല്‍കിയതിനെതിരെ നേരത്തെ ആനന്ദ്് സിംഗ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തായിരുന്നു വിമര്‍ശനം. അന്ന് തന്നെ രാജിവയ്ക്കുമെന്ന സൂചനകള്‍ അദ്ദേഹം നല്‍കിയിരുന്നു.
രണ്ടു തവണ മന്ത്രിസഭ പുനസ്സംഘടിപ്പിച്ചിട്ടും മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതും ആനന്ദ് സിംഗിനെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയില്‍ പോകുന്നത് തടയുന്നതിന് രണ്ടു മാസം മുമ്പ് റിസോര്‍ട്ടില്‍ താമസിപ്പിച്ചപ്പോള്‍ പാര്‍ട്ടിയിലെ സഹ പ്രവര്‍ത്തകന്‍ കമ്പില്‍ ഗണേശുമായി കയ്യാങ്കളി നടത്തിയതുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് ആനന്ദ് സിംഗ്.
എന്നാല്‍, ആനന്ദ് സിംഗ് രാജിവച്ചെന്ന വാര്‍ത്തകള്‍ സ്പീക്കര്‍ രമേശ് കുമാര്‍ നിഷേധിച്ചു. എനിക്ക് ആരുടെയും രാജിക്കത്ത് ലഭിച്ചിട്ടില്ല എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. പാര്‍ട്ടിക്കുള്ളില്‍ വിമത ശല്യം പുനരാരംഭിക്കുന്നതിന് ആനന്ദിന്റെ രാജി ഇടയാക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തല്‍.
“ഓപ്പറേഷന്‍ താമര” എന്ന പേരില്‍ സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി ജെ പി നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 20 എം എല്‍ എമാര്‍ രാജിവയ്ക്കുമെന്നും അവരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരുമെന്നുമാണ് ബി ജെ പി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍, സര്‍ക്കാര്‍ സ്വയം നിലംപതിക്കട്ടെയെന്നും “ഓപ്പറേഷന്‍ താമര” അനുവര്‍ത്തിക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചതിനാല്‍ പുതിയ സംഭവ വികാസങ്ങളില്‍ ഇടപെടില്ലെന്നാണ് ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പ്രതികരണം.
ആകെയുള്ള 224 സീറ്റില്‍ കോണ്‍ഗ്രസ് 78, ജെഡിഎസ് 37, ബിജെപി 104, ബി എസ് പി 1, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് കര്‍ണാടകയിലെ കക്ഷിനില. കേവല ഭൂരിപക്ഷത്തിനായി ഇവിടെ 112 സീറ്റുകളാണ് വേണ്ടത്.