ഗതാഗത നിയമലംഘകർ ജാഗ്രതൈ!

Posted on: July 1, 2019 6:13 am | Last updated: July 1, 2019 at 11:15 am


പാലക്കാട്: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് കൈമാറാൻ ആലോചന. ഈടാക്കുന്ന പിഴയുടെ നിശ്ചിത ശതമാനം കരാറെടുക്കുന്ന കമ്പനിക്ക് ലഭിക്കും. 200 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആഗോള ടെൻഡർ ക്ഷണിച്ചു.

യു എ ഇയിലെ ഗതാഗത നിയന്ത്രണ സംവിധാനം പഠിച്ച് ഐ ജി മനോജ് എബ്രഹാം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അമിതവേഗം, ചുവന്ന ലൈറ്റ് മറികടക്കൽ, അനധികൃത പാർക്കിംഗ്, ഹെൽമറ്റില്ലാതെയുള്ള യാത്ര, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്താൻ സ്വകാര്യ കമ്പനിക്ക് അധികാരമുണ്ടാകും.

ഇതിന് വേണ്ട സജ്ജീകരണങ്ങൾ ആഗോള ടെൻഡറിലൂടെ തിരഞ്ഞെടുക്കുന്ന കമ്പനി ഒരുക്കണം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ നമ്പർപ്ലേറ്റ് പകർത്താൻ ശേഷിയുള്ള ക്യാമറകൾ, സിഗ്‌നൽ ലൈറ്റുകൾ, ഹെൽമറ്റ് ഡിറ്റക്്ഷൻ സംവിധാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊക്കെ ഏർപ്പെടുത്തുക കമ്പനിയുടെ ചുമതലയാണ്.
മൊബൈൽ സ്പീഡ് ലിമിറ്റേഷൻ സംവിധാനങ്ങളും സജ്ജമാക്കും. പത്ത് വർഷത്തേക്ക് പദ്ധതിയുടെ നടത്തിപ്പ് ചുമതല കമ്പനിക്കായിരിക്കും. കരാർ കാലാവധി അവസാനിക്കുമ്പോൾ മുഴുവൻ സംവിധാനവും സൗജന്യമായി കേരള പോലീസിന് കൈമാറണം.

ഈടാക്കുന്ന പിഴയുടെ നിശ്ചിത ശതമാനം കമ്പനിക്ക് കമ്മീഷനായി ലഭിക്കുമെന്നതിനാൽ ചെറിയ ഗതാഗത ലംഘനങ്ങൾക്ക് പോലും വാഹന യാത്രക്കാർക്ക് ശിക്ഷ ലഭിക്കും.

ഇപ്രകാരം ശേഖരിക്കുന്ന വിവരങ്ങളുടെയും അത് സൂക്ഷിക്കുന്ന സോഫ്റ്റ്‌വെയറിന്റെയും ഉടമസ്ഥാവകാശം സംസ്ഥാന പോലീസിനായിരിക്കുമെന്നാണ് കരാർ. എങ്കിലും സ്വകാര്യ കമ്പനി കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ ഇവയുടെ സുരക്ഷിതത്വവും ആശങ്കക്ക് ഇടനൽകുന്നതാണ്. വാഹനപ്പെരുപ്പത്തിന് അനുസരിച്ചുള്ള ഗതാഗത സംവിധാനങ്ങളോ വേണ്ടത്ര പാർക്കിംഗ് സൗകര്യങ്ങളോ ഇല്ലാത്ത സംസ്ഥാനത്ത് പദ്ധതി എങ്ങനെ നടപ്പാക്കാൻ കഴിയുമെന്നതും വ്യക്തമല്ല.