പ്രണയം നിരസിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും അക്രമം

Posted on: July 1, 2019 10:10 am | Last updated: July 1, 2019 at 12:00 pm

കൊല്ലം: ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ ക്രൂര ആക്രമണം. വീടിന്റെ ഓടിളക്കി അകത്തുകടന്ന യുവാവ് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ സ്‌ക്രൂഡൈവര്‍ ഉപയോഗിച്ച് കുത്തുകയായിരുന്നു.

സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുഎന്ന യുവാവാണ് അക്രമം നടത്തിയത്. ഗുരുതര പരുക്കുകളോടെ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന അനന്തു സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് മൂന്ന് തവണ കുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് വീട്ടുകാരും അയല്‍വാസികളും എത്തുന്നതിനിടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ശാസ്താംകോട്ടയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

അടുത്തിടെ സംസ്ഥാനത്ത് ഇത്തരം അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ പോലീസുകാരിയെ സഹപ്രവര്‍ത്തകന്‍ ചുട്ടുകൊന്നടത്. ചികിത്സയില്‍ കഴിഞ്ഞ പ്രതിയും പിന്നീട് മരിച്ചിരുന്നു.