Connect with us

National

ചിത്രത്തെച്ചൊല്ലി തദ്ദേശീയരുമായി സംഘര്‍ഷം;മലയാളികളടക്കം 150ഓളം ഇന്ത്യക്കാര്‍ കസാഖിസ്ഥാനില്‍ കുടുങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: തദ്ദേശിയരായ തൊഴിലാളികളുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം. ചിത്രം തങ്ങളെ അപമാനിക്കുന്നതാണെന്ന് തദ്ദേശീയര്‍ പറയുന്നു. ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയവരില്‍ മലയാളികളുമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

തദ്ദേശീയര്‍ വിദേശ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേ സമയം രണ്ട് ഇന്ത്യക്കാര്‍ക്ക് മാത്രമെ പരുക്കേറ്റിട്ടുള്ളുവെന്നും ഇത് ഗുരുതരമല്ലെന്നും അറിയുന്നു. സഹായം അഭ്യര്‍ഥിച്ച് വിദേശകാര്യ മന്ത്രാലയത്തെ തൊഴിലാളികള്‍ സമീപിച്ചിട്ടുണ്ട്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ആദ്യ ശ്രമം വിജയിച്ചിരുന്നില്ല. എന്നാല്‍ തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടി തുടങ്ങിയെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.അതേസമയം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ നോര്‍ക്ക റൂട്ട്‌സ് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Latest