കരിപ്പൂരിൽ നിന്ന് വീണ്ടും ഹജ്ജ് വിമാനമുയരുമ്പോൾ

ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് 2019ലെ ഹജ്ജിനു വേണ്ടി 30 ലക്ഷം ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. 2018ലെ ഹജ്ജിന്റെ പരിപാടികൾ മുഹർറം മാസത്തിൽ പൂർത്തിയായ ഉടനെ, അഥവാ ഒമ്പത് മാസം മുമ്പേ 2019ലെ ഹജ്ജിനുള്ള പ്രവർത്തനങ്ങൾക്ക് സഊദി ഭരണകൂടം തുടക്കം കുറിക്കുകയും ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങൾക്ക് ഹാജിമാരുടെ ക്വാട്ട നിർണയിച്ചു കൊടുക്കുകയും ആ ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിക്കാൻ ഓരോ രാഷ്ട്രത്തിലും സർക്കാറുകളുടെ സഹകരണത്തോടെ ക്രമീകരണം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും വ്യവസ്ഥാപിതമായി തന്നെ ഇന്ത്യയിൽ നിന്ന് ഹജ്ജിനു വേണ്ടി വിശ്വാസികൾ പോയ്‌ക്കൊണ്ടിരുന്നു. മതവിശ്വാസികൾക്കു അവരുടെ മതാചാരങ്ങൾ അനുഷ്ഠിക്കാനുള്ള സൗകര്യവും സ്വാതന്ത്ര്യവും അനുവദിക്കുന്ന ഒരു ഉത്തമ ഭരണഘടനയും ആ ഭരണഘടന ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമായ ഭരണകൂടവും നിലനിൽക്കുന്ന ഇന്ത്യയിൽ ഹജ്ജിന്റെ യാത്രയും സംവിധാനങ്ങളും കൃത്യമായി ക്രമീകരിക്കപ്പെടുന്നു. ഹാജിമാർക്കു പ്രയാസങ്ങളില്ലാതെ യാത്ര ചെയ്യാൻ എല്ലാ ഗതാഗത സൗകര്യങ്ങളും വർഷങ്ങളായി സജ്ജീകരിച്ചു വരുന്നു.
ചെയർമാൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി
Posted on: June 30, 2019 12:30 pm | Last updated: June 30, 2019 at 12:30 pm

പരിശുദ്ധ ഹജ്ജ് മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ പ്രാർഥനാ സമ്മേളനമാണ്. വർഷത്തിലൊരിക്കൽ മക്കയിലെ വിശാലമായ അറഫാ മൈതാനത്ത് ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളെയും നാടുകളെയും പ്രതിനിധാനം ചെയ്ത് വിശ്വാസികൾ ഒരുമിക്കുന്ന, പ്രത്യേക ആരാധനാ കർമങ്ങൾ അനുഷ്ഠിക്കുന്ന, ആരാധനയാണ് പരിശുദ്ധ ഹജ്ജ്.

സമൂഹത്തിലെ ധനികരും സാധാരണക്കാരും നിറമോ ഭാഷയോ ജാതിയോ പരിഗണിക്കാതെ അല്ലാഹുവിന്റെ വിനീതദാസന്മാരായി ഹജ്ജ് കർമങ്ങളിലേക്കു ആനയിക്കപ്പെടുന്നു. ഹിജ്‌റ വർഷത്തെ ശവ്വാൽ, ദുൽഖഅദ്, ദുൽഹിജ്ജ എന്നീ മാസങ്ങളിൽ ഹജ്ജിൽ പ്രവേശിക്കാവുന്നതും ദുൽഹിജ്ജ ഏഴ് മുതൽ പതിമൂന്ന് വരെ പൂർത്തിയാക്കാവുന്നതുമായ അനുഷ്ഠാനങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നതുമാണ് ഹജ്ജ്. നടത്തവും ഓട്ടവും പ്രദക്ഷിണവും പ്രാർഥനയും നിസ്‌കാരവും പിശാചിനെതിരെ പ്രതീകാത്മക കല്ലെറിയലും രണ്ട് തുണികൾ കൊണ്ട് തൃപ്തിപ്പെടുന്ന പുരുഷ വേഷവും തലമുടി നീക്കലും ബലി മൃഗത്തെ അറുക്കലും ദാന ധർമ്മങ്ങൾ ചെയ്യലും മഹത് വ്യക്തികളുടെ അടയാളങ്ങൾ ഓർക്കലും അവരെ അനുസ്മരിക്കലും ആത്മീയ ചിന്തകൾ പ്രോജ്ജ്വലിപ്പിക്കുന്ന ചിട്ടകൾ സ്വീകരിക്കലുമെല്ലാം ചേർന്നതാണ് പരിശുദ്ധ ഹജ്ജ് കർമം. ആരാധനകൾ അല്ലാഹുവിന് മാത്രം സമർപ്പിക്കുന്ന വിശ്വാസികൾ ഹജ്ജിന്റെ വേളയിൽ ബഹുമാനിക്കേണ്ടതിനെയെല്ലാം ബഹുമാനിക്കുന്നു. പാവങ്ങളെയും ദുർബലരെയും സ്‌നേഹ സഹതാപങ്ങളോടെ പരിഗണിക്കുന്നു.

സാമ്പത്തിക കഴിവും യാത്ര ചെയ്യാനുള്ള ആരോഗ്യവും ഉണ്ടെങ്കിൽ ഓരോ വിശ്വാസിയും ഹജ്ജ് ചെയ്യണമെന്ന് മതം നിഷ്‌കർഷിച്ചു. കഴിവുണ്ടായിട്ട് ഹജ്ജ് ചെയ്യാതെ മരണം സംഭവിച്ചാൽ അത് കുറ്റമാണ്. മത വിശ്വാസവും മതാനുഷ്ഠാനങ്ങളും മനുഷ്യന്റെ വളർച്ചക്കും പുരോഗതിക്കും സഹായകമാകുന്ന ഒരു പാക്കേജാണ്. ദുഷിച്ച ചിന്തകളും അഹങ്കാരം പോലെയുള്ള ദുസ്സ്വഭാവങ്ങൾ എടുത്തു മാറ്റാനും അച്ചടക്കം, സ്‌നേഹം, ബഹുമാനം എന്നിവ മനസ്സിൽ ഉറപ്പിച്ചു നിർത്താനും ഹജ്ജിലെ ഓരോ കർമവും നിമിത്തമാകുന്നു. തത്വങ്ങൾ ഉൾക്കൊണ്ട്, സദുദ്ദേശ്യത്തോടെ നിർവഹിക്കുന്ന ഹജ്ജിലുള്ളത് എല്ലാ ജനങ്ങളോടും നന്മ ചെയ്യണമെന്ന സന്ദേശമാണ്. മത വിദ്വേഷമോ അസഹിഷ്ണുതയോ പാടില്ലെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാമിനെ ഹജ്ജിന്റെ കർമങ്ങളിലൂടെ വായിച്ചെടുക്കാം, അനുഭവിക്കാം. ഇതര മതസ്ഥർ ഇസ്‌ലാമിനെ കാണുന്നത് ഇസ്‌ലാമിന്റെ ഹജ്ജുൾപ്പെടെയുള്ള കർമങ്ങളിലൂടെയാണ്.

ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് 2019ലെ ഹജ്ജിനു വേണ്ടി 30 ലക്ഷം ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. 2018ലെ ഹജ്ജിന്റെ പരിപാടികൾ മുഹർറം മാസത്തിൽ പൂർത്തിയായ ഉടനെ, അഥവാ ഒമ്പത് മാസം മുമ്പേ 2019ലെ ഹജ്ജിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സഊദി ഭരണകൂടം തുടക്കം കുറിക്കുകയും ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങൾക്ക് ഹാജിമാരുടെ ക്വാട്ട നിർണയിച്ചു കൊടുക്കുകയും ആ ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിക്കാൻ ഓരോ രാഷ്ട്രത്തിലും സർക്കാറുകളുടെ സഹകരണത്തോടെ ക്രമീകരണം നടത്തുകയും ചെയ്തു.
സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും വ്യവസ്ഥാപിതമായി തന്നെ ഇന്ത്യയിൽ നിന്ന് ഹജ്ജിനു വേണ്ടി വിശ്വാസികൾ പോയ്‌ക്കൊണ്ടിരുന്നു. മതവിശ്വാസികൾക്കു അവരുടെ മതാചാരങ്ങൾ അനുഷ്ഠിക്കാനുള്ള സൗകര്യവും സ്വാതന്ത്ര്യവും അനുവദിക്കുന്ന ഒരു ഉത്തമ ഭരണഘടനയും ആ ഭരണഘടന ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമായ ഭരണകൂടവും നിലനിൽക്കുന്ന ഇന്ത്യയിൽ ഹജ്ജിന്റെ യാത്രയും സംവിധാനങ്ങളും കൃത്യമായി ക്രമീകരിക്കപ്പെടുന്നു. ഹാജിമാർക്കു പ്രയാസങ്ങളില്ലാതെ യാത്ര ചെയ്യാൻ എല്ലാ ഗതാഗത സൗകര്യങ്ങളും വർഷങ്ങളായി സജ്ജീകരിച്ചു വരുന്നു.

ഇതര വിഭാഗങ്ങൾക്കു ആരോഗ്യത്തിനോ സ്വസ്ഥമായ ജീവിതത്തിനോ തടസ്സമുണ്ടാക്കാത്ത ഏത് ആചാരവും മതവിശ്വാസവും പിന്തുടരാമെന്ന് ഭരണഘടന അനുശാസിക്കുന്നത് കൊണ്ട്, പാർലിമെന്റ് തന്നെ ഹജ്ജ് ആക്ട് പാസ്സാക്കുകയും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധാനം ചെയ്ത് എം പി, എം എൽ എമാർ, സർക്കാർ വകുപ്പ് പ്രതിനിധികൾ, കലക്ടർമാർ, മതപണ്ഡിതന്മാർ, സമുദായ നേതാക്കൾ എന്നിവരെ ഉൾക്കൊള്ളിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റികൾക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും അംഗങ്ങളും ഉൾക്കൊള്ളുന്ന സമിതിയാണ് കേന്ദ്ര ഹജ്ജ് മന്ത്രിയുടെ കീഴിൽ ഹജ്ജിന്റെ ഇന്ത്യയിലെ പൊതു വിഷയങ്ങൾക്കു നേതൃത്വം നൽകുന്നത്. ഓരോ സംസ്ഥാനത്തെയും ഹാജിമാരുടെ യാത്രയും മറ്റും ക്രമീകരിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ചെയർമാനും ഉണ്ട്.
ഇന്ത്യയിൽ ഹാജിമാരുടെ മക്ക, മദീന, മിന, അറഫ താമസവും ക്യാമ്പ് സൗകര്യങ്ങളും ഫ്‌ളൈറ്റ്, മറ്റു വാഹനങ്ങൾ, ട്രെയിൻ ഉപയോഗപ്പെടുത്തൽ തുടങ്ങിയ എല്ലാ കാര്യങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും അതിന്റെ ബോംബെയിലെ സെൻട്രൽ ഓഫീസുമാണ് തീരുമാനിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പതിനാറ് അംഗങ്ങളാണ് സംസ്ഥാനത്ത് ഹജ്ജ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്ത് ക്രമീകരിക്കുന്നത്.

2014 മുതൽ 2018 വരെ കൊച്ചിയിൽ നിന്നാണ് കേരള, ലക്ഷദ്വീപ്, മാഹി പ്രദേശങ്ങളിലെ ഹാജിമാർ യാത്ര പുറപ്പെട്ടിരുന്നത്. കോഴിക്കോട് വിമാനത്താവളമായിരുന്നു നേരത്തേ ദീർഘകാലമായുള്ള എംബാർക്കേഷൻ പോയിന്റ. 2014നു ശേഷം വിമാനത്താവളത്തിന്റെ അറ്റകുറ്റ പണികൾക്കു വേണ്ടി കോഴിക്കോട്ടു നിന്നുള്ള ഹജ്ജ് യാത്ര നിർത്തിവെക്കേണ്ടി വന്നു. തുടർന്നു പല കാരണങ്ങളാൽ കോഴിക്കോട്ടു നിന്നുള്ള യാത്രാരംഭവും ക്യാമ്പും മുടങ്ങുകയും ചെയ്തു. അത് കോഴിക്കോട്ട് തന്നെ പുനഃസ്ഥാപിച്ചു കിട്ടാൻ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. നിവേദനങ്ങൾ സമർപ്പിച്ചു. പക്ഷേ കണ്ണു തുറക്കേണ്ടവർ തുറന്നില്ല, ചുവപ്പുനാടയിൽ കോഴിക്കോട്ടു നിന്നുള്ള ഹജ്ജ് യാത്ര മന്ദീഭവിച്ചു കിടക്കുകയായിരുന്നു.

2018 ആഗസ്റ്റിൽ പതിവു പോലെ കൊച്ചിയിൽ നിന്ന് ഹാജിമാർ യാത്രയാകുന്ന ഘട്ടത്തിലാണ് ഏറ്റവും വലിയ പ്രളയം മധ്യകേരളത്തിലും കേരളത്തിന്റെ മറ്റു പല ഭാഗങ്ങളിലും ശക്തമായി കടന്നുവരുന്നതും കൊച്ചി എയർപോർട്ടും പരിസരവും വെള്ളത്തിൽ മുങ്ങിയതും. ജൂലൈ 31 ന് ആരംഭിച്ച ഹജ്ജ് ക്യാമ്പിൽ നിന്ന് ഒമ്പതിനായിരത്തിലധികം ഹാജിമാരെ ജിദ്ദയിലേക്കു യാത്രയയച്ച ശേഷം 1,200 യാത്രക്കാർ പുറപ്പെടാൻ ബാക്കിയുള്ളപ്പോഴാണ് പ്രളയമുണ്ടായത്. വിശുദ്ധ മക്കയിൽ ഹജ്ജിന്റെ തിരക്കുകൾ വർധിച്ച ഘട്ടത്തിൽ ഹാജിമാർക്കു ക്യാമ്പിൽ നിന്നു എയർപോർട്ടിലേക്കു ഉടനെ പോകേണ്ടതുണ്ട്. വിമാനത്തിന് പറന്നുയരാൻ സാധിക്കാത്ത വിധം റൺവേയും എയർപോർട്ടിന്റെ അകവും പുറവും ക്യാമ്പിന്റെ ഗ്രൗണ്ടും പരിസരവുമെല്ലാം വെള്ളം കൊണ്ട് നിറഞ്ഞു. ഹാജിമാർ കടുത്ത ആശങ്കയിലും നിരാശയിലുമായി. ഒരാഴ്ചത്തേക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന സർവീസ് ഉണ്ടാകില്ലെന്ന അറിയിപ്പ് വന്നു. 2018 ആഗസ്റ്റ് 15ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും നിയുക്ത ചെയർമാനായിരുന്ന ഞാനും മെമ്പർമാരായ മുസമ്മിൽ ഹാജി, അനസ് ഹാജി തുടങ്ങിയവരും എയർപോർട്ട് എം ഡിയുമായി സംസാരിച്ചു. വിഷയത്തിന്റെ ഗൗരവം ഉണർത്തിയപ്പോൾ തിരുവനന്തപുരത്തേക്കു ഹാജിമാരെ കൊണ്ടു പോകാൻ സാധിക്കുമെങ്കിൽ അവിടെ നിന്നു ഫ്‌ളൈറ്റ് ലഭ്യമാക്കാമോ എന്ന് വിളിച്ചന്വേഷിച്ചപ്പോൾ മറുപടി അനുകൂലമായിരുന്നു. ഉടനെ 28 ബസ്സുകളിലായി മുഴുവൻ ഹാജിമാരെയും തിരുവനന്തപുരത്തെത്തിച്ചു. തിരുവനന്തപുരം യത്തീംഖാനയിലും പള്ളിയിലുമായി ഹാജിമാരെ താമസിപ്പിച്ചു. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ ഹാജിമാരെയും ജിദ്ദയിലെത്തിച്ചു. എല്ലാവർക്കും ഹജ്ജ് ലഭിച്ചു. അല്ലാഹുവിനു സ്തുതി. ഈ സംഭവം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കും സെൻട്രൽ ഹജ്ജ് കമ്മിറ്റിക്കും വലിയ പാഠമായി. കൊച്ചി എയർപോർട്ടിന്റെ പ്രളയ ഭീഷണി, കേരള ഹാജിമാർ രണ്ടാം ഫെയ്‌സിൽ പുറപ്പെടുന്നതിന്റെ പ്രയാസങ്ങൾ മുതലായവ വിശദമായി ചർച്ച ചെയ്യപ്പെട്ടു.

2019ൽ ഹജ്ജിന്റെ പുറപ്പെടൽ കേന്ദ്രം കോഴിക്കോട് തന്നെ ആകണമെന്ന നിരന്തരമായ ആവശ്യവും മുറവിളികളും സജീവമായി. എല്ലാ മെമ്പർമാരും ഏകകണ്ഠമായി ആവശ്യപ്പെട്ടത് എന്തു വില കൊടുത്തും 2019 ലെ ഹജ്ജ് പുറപ്പെടൽ കേന്ദ്രം കോഴിക്കോട് നിന്ന് തന്നെ ആകാൻ വേണ്ടത് ചെയ്യണമെന്നായിരുന്നു. ഇതിനുവേണ്ടി ചെയർമാനെ ഹജ്ജ് കമ്മിറ്റി പ്രത്യേക യോഗം അധികാരപ്പെടുത്തുകയും ചെയ്തു. ഉടനെ തന്നെ ഡൽഹിയിലേക്കു പുറപ്പെടുക, കേന്ദ്ര മന്ത്രിയെ കാണുക. മുംബൈയിലെ സെൻട്രൽ ഹജ്ജ് കമ്മിറ്റി ഓഫീസിലും പോകുക, രണ്ട് യാത്രയും ആശാവഹമായിരുന്നു. കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുടെ അപ്പോയിന്റ്‌മെന്റ് കിട്ടി. അദ്ദേഹം കേരളത്തിലെ എം പിമാരിൽ നിന്നും കാന്തപുരം ഉസ്താദ് അടക്കമുള്ള ഉയർന്ന വ്യക്തിത്വങ്ങളിൽ നിന്നും വിഷയത്തിന്റെ ഗൗരവവും കരിപ്പൂർ അനുവദിച്ചു കിട്ടുന്നതിന്റെ പ്രസക്തിയും മനസ്സിലാക്കിയിരുന്നു. കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ പുതിയ എംബാർക്കേഷൻ പോയിന്റ് ഡൽഹിയിൽ പ്രഖ്യാപിക്കാൻ എന്നെ കേന്ദ്ര ഹജ്ജ് മന്ത്രി അധികാരപ്പെടുത്തിയപ്പോൾ ഞാൻ അക്ഷരാർഥത്തിൽ ഞെട്ടുകയായിരുന്നു. ഉടനെ തിരുവനന്തപുരത്തേക്കു സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലുമായി ബന്ധപ്പെട്ടു. അദ്ദേഹവും ഡൽഹിയിൽ വെച്ച് പത്ര സമ്മേളനം നടത്തി വിഷയം റിലീസ് ചെയ്യാൻ അനുവദിച്ചു. പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

അങ്ങനെ വലിയ സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനുള്ള വഴി തുറന്നു. പിന്നീട് മുംബൈയിലെ സെൻട്രൽ ഹജ്ജ് കമ്മിറ്റി ഓഫീസിൽ എത്തുകയും കരിപ്പൂരിന്റെ വിഷയം ഔദ്യോഗിക റെക്കോർഡാക്കി നൽകാൻ ആവശ്യപ്പെട്ടപ്പോഴാണ് നെടുമ്പാശ്ശേരിയിലും കരിപ്പൂരിലുമായി രണ്ട് എംബാർക്കേഷൻ പോയിന്റ് 2019ൽ കേരളത്തിന് അനുവദിച്ച് കിട്ടിയത്. ഡോ. മഖ്‌സൂദ് അഹ്മദ് ഖാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സി ഇ ഒ എന്ന നിലയിൽ നല്ല സഹകരണമാണ് നൽകിയത്. ഹജ്ജിന്റെ അപേക്ഷകൾ ക്ഷണിച്ചതോടെ കരിപ്പൂർ ഹജ്ജ് ഹൗസ് സജീവമായി. അപേക്ഷാ ഫോറത്തിൽ ഇഷ്ടമുള്ള എംബാർക്കേഷൻ പോയിന്റ് ഓപ്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നു.

വർഷങ്ങളായി നിർജീവമായി കിടന്ന ഹജ്ജ് ഹൗസിന് പുതിയ ചൈതന്യം ലഭിക്കുകയാണ്. ഹാജിമാർക്കു മൊത്തം ആഹ്ലാദം. കരിപ്പൂർ എംബാർക്കേഷൻ അനുവദിച്ചുകിട്ടാൻ സമരം നടത്തിയ മലബാർ ഡെവലപ്‌മെന്റ് ഫോറം, എസ് വൈ എസ് തുടങ്ങി സംഘടനകൾക്കും നമ്മുടെ പ്രിയപ്പെട്ട എം പിമാർ, എം എൽ എമാർ ജന പ്രതിനിധികളും വിശ്വാസികൾ മുഴുവനും അങ്ങേയറ്റം സന്തോഷിച്ചു. 45,000 അപേക്ഷകരിൽ 11,000 പേർക്കു നറുക്കെടുപ്പിലൂടെയും അല്ലെതെയുമായി ഹജ്ജിനു അവസരം ലഭിച്ചു.

കരിപ്പൂരിൽ ഹജ്ജ് ഹൗസ് ഉണ്ട്. പക്ഷേ ഉപയോഗിക്കാതെ കിടക്കുന്ന ഹാളുകൾ, റൂമുകൾ, തുരുമ്പിച്ച ഫർണിച്ചറുകൾ, അനങ്ങാൻ മടിക്കുന്ന ലിഫ്റ്റുകൾ പെയിന്റിംഗ് നടത്താത്ത ചുമരുകൾ. എല്ലാം പൊടിതട്ടി റിപ്പയർ ചെയ്തു വൃത്തിയാക്കിക്കഴിഞ്ഞു. നെടുമ്പാശ്ശേരിയിൽ എയർപോർട്ട് വക നിലവിൽ പന്തൽ ഉണ്ട്. അവിടെ സെലക്ട് ചെയ്ത ഹാജിമാർ 2,400 മാത്രം ആയതുകൊണ്ട് കുടുതൽ സജ്ജീകരിക്കേണ്ടതില്ല.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട് പരിശുദ്ധ ഹജ്ജിന്റെ ഒരുക്കങ്ങൾ വിവിധ ഘട്ടങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നു. ഹാജിമാർക്ക് അപ്പപ്പോൾ നിർദേശങ്ങൾ നൽകാനും സാങ്കേതികമായി ഒരുക്കങ്ങൾക്കു ഒത്താശ ചെയ്യാനും 250 ഹാജിമാർക്കു ഒരാൾ എന്ന തോതിൽ ട്രെയിനർമാരെ ഹജ്ജ് കമ്മിറ്റി ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്തിട്ടുണ്ട്. ഹജ്ജിന്റെ അപേക്ഷാ ഫോം ഒൺലൈൻ വഴി പൂരിപ്പിക്കുന്നതു മുതൽ ഹാജിമാരെ എയർപോർട്ടിൽ നിന്നു യാത്രയാക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും സൗജന്യ സേവനത്തിന് പ്രതിജ്ഞാബദ്ധരായി സേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ട്രെയിനർമാർ ഹജ്ജ് കമ്മിറ്റിക്കു അഭിമാനവും ആവേശവുമാണ്. ബിസിനസ്, അധ്യാപനം തുടങ്ങിയ വിവിധ തുറകളിലുള്ളവർ ട്രെയിനർമാരിലുണ്ട്.

ഹാജിമാർ മക്കയിലും മദീനയിലും എത്തുന്നതിന് മുമ്പും ശേഷവും അവരോടൊപ്പം സേവനത്തിലായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും യോജിച്ച് തിരഞ്ഞെടുക്കുന്ന 62 പേരുണ്ട്. (ഖാദിമുൽ ഹുജ്ജാജ്). ഈ രണ്ട് വിഭാഗത്തിനും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുംബൈയിലും സംസ്ഥാന ഹജ്ജ് കമ്മിറ്റി കരിപ്പൂരിലും പ്രത്യേക പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. ഹജ്ജ് ഓഫീസർ എന്ന ചുമതല നിർവഹിക്കാൻ തയ്യാറുള്ള ഗസറ്റഡ് റാങ്കിലും അതിനു താഴെയുള്ളവരുമായി മക്കയിൽ പ്രവർത്തിക്കാൻ വേണ്ടി 70 ലധികം ഗവൺമെന്റ് ഉദ്യോഗസ്ഥരായ മലയാളികളെ ഹജ്ജ് മിഷന്റെ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുണ്ട്.

ജൂലൈ ഏഴിന് ഹാജിമാരെയും കൊണ്ട് ആദ്യ വിമാനം കരിപ്പൂരിൽ നിന്നുയരുമ്പോൾ സാക്ഷാത്കരിക്കുന്നത് വിശ്വാസികളുടെ പ്രാർഥനയാണ്. പിന്തുണ നൽകാം, ആത്മവിശുദ്ധി പ്രാപിക്കാൻ അല്ലാഹുവിന്റെ വിളികേട്ടു പുണ്യഭൂമിയിലേക്ക് പോവുന്ന പ്രിയപ്പെട്ട ഹാജിമാർക്ക്.