Connect with us

Ongoing News

മഴ എവിടെ, 43 ശതമാനം കുറവ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷം പതിവില്ലാത്ത വിധം ദുർബലമാകുന്നു. വരും വേനൽ കടുത്ത വരൾച്ചയുടേതാകുമോയെന്ന ആശങ്കയിലേക്ക് നീങ്ങും വിധമാണ് ഇത്രയും നാൾ പെയ്ത മഴക്കണക്കിലെ സൂചനകൾ. സംഭരണികളിൽ പ്രതീക്ഷിച്ച നീരൊഴുക്കെത്താതിനാൽ വൈദ്യുതി രംഗത്തും ആശങ്കയുടെ കാർമേഘമാണ്. കാലവർഷമെത്തുന്ന ജൂണിൽ ലഭിക്കേണ്ട മഴയിൽ ഇതുവരെയുള്ള കുറവ് 43 ശതമാനം. തിരുവാതിര ഞാറ്റുവേലയിൽ തിരുമുറിയാതെ മഴപെയ്യുമെന്ന് കണക്ക് കൂട്ടുന്നവരാണ് കർഷകർ. ജൂൺ 22 മുതൽ ജൂലൈ ആറ് വരെയുള്ള ഞാറ്റുവേല തുടങ്ങി ആറ് ദിവസം പിന്നിട്ടിട്ടും മഴ മാത്രമില്ല.

സാധാരണ ജൂണിൽ 395 മുതൽ 400 മില്ലീ മീറ്റർ മഴയാണ് കേരളത്തിൽ ലഭിക്കേണ്ടത്. എന്നാൽ കഴിഞ്ഞ 21 വരെ ലഭിച്ചത് 236.3 മില്ലി മീറ്റർ മാത്രം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. വയനാട് (55%), ഇടുക്കി (48%) എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്.
ആൻഡമാൻ, സിക്കിം, ലക്ഷദ്വീപ് എന്നിവയെ മാറ്റി നിർത്തിയാൽ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇത് തന്നെ. മഴക്കുറവ് ഏറ്റവും അധികം തമിഴ്‌നാട്ടിലാണ്.

ഇടുക്കിയിൽ മഴ കുറഞ്ഞത് സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. 16 ജലവൈദ്യുത പദ്ധതിയിലായി 35 ശതമാനം വെള്ളമാണ് നിലവിൽ സംഭരിച്ചിട്ടുള്ളത്. 511.925 ദശ ലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം.

മൊത്തം വൈദ്യുതി ഉപഭോഗം ശരാശരി 71.5853 ദശലക്ഷം യൂനിറ്റാണ്. 13.932 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉത്പാദിപ്പിച്ചു. ബാക്കി 57.6532 ദശ ലക്ഷം യൂനിറ്റ് അന്യസംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയാണ് ആവശ്യം നിറവേറ്റിയത്.
പതിവിലും വൈകി ജൂൺ പത്തിന് എത്തിയ കാലവർഷം രണ്ട് ദിവസം കഴിഞ്ഞ് വായു ചുഴലിക്കാറ്റിനൊപ്പമാണ് ദുർബലമായത്. മഴ മേഘങ്ങളെ വായു ചുഴലിക്കാറ്റ് വലിച്ചെടുത്തെന്നാണ് കാലവസ്ഥാ വിദഗ്ധരുടെ പക്ഷം. പതിവ് ന്യൂനമർദങ്ങൾ പിന്മാറിയതിനൊപ്പം മഴയുടെ പടിഞ്ഞാറൻ മുന്നേറ്റത്തിന് ഇത് തടയിട്ടു. കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖലയിൽ 97 ശതമാനം മഴയാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിച്ചിരുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ടാൽ ഇനിയെങ്കിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രളയം, എൽനിനോ പ്രതിഭാസം, ചുഴലിക്കാറ്റ് തുടങ്ങിയവ മഴ ലഭ്യതയെ പ്രതികൂലമായി ബാധിച്ചുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. തമിഴ്‌നാട് തീരത്ത് ഒന്നാം തീയതി വരെ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യയുളളതിനാൽ ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നല്ല മഴക്കായി ജുലൈ നാല് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ത്യൻ ഓഷ്യൻ ഡൈപോൾ പ്രതിഭാസം (ബംഗാൾ ഉൾക്കടലിനേക്കാൾ അറബിക്കടൽ ചൂടാകുന്നത് ) വരുന്നതോടെ മഴ കൂടുമെന്നാണ് കണക്ക് കൂട്ടൽ. ജൂലൈ രണ്ട് മുതൽ സംസ്ഥാനത്ത് പൊതുവേയും വടക്കൻ കേരളത്തിൽ പ്രത്യേകിച്ചും മഴ ശക്തിപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാസർകോട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടാം തീയതി മുതൽ മഴയുണ്ടാകും. ഒന്പതാം തീയതിക്കുശേഷം മഴ ശക്തിപ്പെടും.

മഴക്കുറവ് ഇങ്ങനെ
ജില്ല, ലഭിക്കേണ്ടത്, ലഭിച്ചത് ക്രമത്തിൽ.

തിരുവനന്തപുരം 27, 26
കൊല്ലം 37, 24
പത്തനംതിട്ട 43, 27
ആലപ്പുഴ 48, 38
ഇടുക്കി 63, 33
കോട്ടയം 53, 29
എറണാകുളം 57, 38
തൃശൂർ 62, 37
പാലക്കാട് 38, 24
മലപ്പുറം 52, 32
കോഴിക്കോട് 73, 62
വയനാട് 54, 24
കണ്ണൂർ 73, 50
കാസർകോട് 87, 49