വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് അര്‍ജന്റീന സെമിയില്‍

Posted on: June 29, 2019 12:30 am | Last updated: June 29, 2019 at 10:36 am

റിയോഡിജനീറോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ വൈനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് അര്‍ജന്റീന സെമിഫൈനലില്‍. ലൗതാരൊ മാര്‍ടിനസ് ജിയോവാനി ലൊ സെല്‍സോ എന്നിവരാണ് അര്‍ജന്റീനയുടെ ഗോള്‍ സ്‌കോറര്‍മാര്‍. പരാഗ്വയെ മറികടന്ന്‌ സെമിയിലെത്തിയ ബ്രസീലാണ് ഇനി അര്‍ജന്റീനയുടെ എതിരാളികള്‍. ഇതോടെ കോപ കപ്പില്‍ ആവേശപോരാട്ടത്തിന് കളമൊരുങ്ങും. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കൊളംബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ (4-5)
തോല്‍പിച്ച് ചിലിയും സെമിഫൈനലില്‍ പ്രവേശിച്ചു. 

ബ്രസീലിയന്‍ ആരാധകര്‍ക്ക്‌ മറക്കാനാവാത്ത മറാക്കാനയിലാണ് മെസ്സിയും സംഘവും ജയിച്ചു കയറിയത്. കളിയുടെ ആറാം മിനുട്ടില്‍ തന്നെ അര്‍ജന്റീനക്ക് ഒരു തുറന്ന അവസരം ഗോളാക്കാനായില്ല. മെസിയുടെ കോര്‍ണര്‍കിക്ക് മാര്‍ടിനസ് ഹെഡ് ചെയ്ത് പെനാല്‍ട്ടി ബോക്‌സില്‍ മാര്‍ക് ചെയ്യാതെ നിന്നിരുന്ന അക്യുനക്കെത്തിച്ചെങ്കിലും പന്ത് നിയന്ത്രിക്കാനാവാതെ കാലില്‍ തട്ടി ഗോളിയുടെ കയ്യില്‍. എന്നാല്‍ പത്താം മിനുട്ടില്‍ ലൗതാരൊ മാടിനസ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ വലയിലാക്കി. അഗ്യൂറസ് പോസ്റ്റിലേക്ക് നീട്ടിയടിച്ച പന്ത് പുറം കാലുകൊണ്ട് ദിശമാറ്റി ഗോളിയെ കബളിപ്പിച്ച് മാര്‍ടിനസ് വലയിലാക്കി. ഗോള്‍ മടക്കാനുള്ള വെനസ്വേലയുടെ ശ്രമങ്ങള്‍ പാഴായതോടെ ആദ്യ പകുതി അര്‍ജന്റീന ഒരു ഗോളിന് ലീഡ് ചെയ്തു.

അമ്പതാം മിനുട്ടില്‍ എതിര്‍ ഗോള്‍മുഖത്തേക്ക് പന്തുമായി മുന്നേറിയ മാര്‍ടിനസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 70 ആം മിനുട്ടില്‍ പരാഗ്വന്‍ താരം ഹെര്‍ണാണ്ടസിന്റെ ഗോള്‍ശ്രമം അര്‍ജന്റീന ഗോളി അര്‍മാനി സേവ് ചെയ്ത് തട്ടിയകറ്റി. കളിയുടെ 74 ആം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി അര്‍ജന്റീന വിജയമുറപ്പിച്ചു. അഗ്വൂറയുടെ ഷോട്ട് വെനസ്വേലന്‍ ഗോളിക്ക് പന്ത് കൈപിടിയിലൊതുക്കാനായില്ല. കൈയ്യില്‍ തട്ടിത്തെറിച്ച പന്ത് ജിയോവാനി ലൊ സെല്‍സോ വലയിലെത്തിച്ചതോടെ ബ്രസീലിന് ദുരന്തം സമ്മാനിച്ച മറാക്കാനയില്‍ മെസ്സിയും സംഘവും വിജയാഹ്ലാദം മുഴക്കി.

മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കൊളംബിയയെ തോല്‍പിച്ച് ചിലിയും സെമിഫൈനലില്‍ പ്രവേശിച്ചു. ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തിനൊടുവില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ചിലി വിജയികളായത്.  വില്യം ടെസില്ലൊയെടുത്ത അവസാന കിക്ക് പോസ്റ്റിന് പുറത്തേക്കടിച്ച് പാഴാക്കി. സ്‌കോര്‍ (4-5).

ഉറുഗ്വയും പെറുവും തമ്മിലുള്ള അവസാന ക്വാര്‍ട്ടറില്‍ ജയിക്കുന്ന ടീം രണ്ടാം സെമി ഫൈനലില്‍ ചിലിയെ നേരിടും. അര്‍ജന്റീന-ബ്രസീല്‍ ആദ്യ സെമി ഫൈനല്‍ ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ ആറ് മണിക്കാണ്.