നമ്മുടെ മൗനവും അവരുടെ വേട്ടകളും

നുണകള്‍ കൊണ്ടാരാധിക്കപ്പെടുന്ന പിശാചിന്റെ പിടിയില്‍ രാജ്യത്തിന്റെ നീതിന്യായ സംവിധാനം കൂടി അമര്‍ന്നുവോ എന്ന സംശയം ജനിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ പോലീസ് സര്‍വീസിന്റെ ഭാഗമായിരുന്ന സഞ്ജീവ് ഭട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത്. സഞ്ജീവ് ഭട്ട് തടവറയില്‍ നിന്ന് പുറത്തെത്തുമെന്ന് കരുതാന്‍ വയ്യ. വേട്ടയുടെ ആദ്യ നടപടിയായിരുന്നു 1990ലെ കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കല്‍. ഭട്ടിനെ പോലീസ് സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അത് സാധിച്ചത് 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഒന്നേകാല്‍ വര്‍ഷമെത്തുമ്പോഴാണ്. ഈ പിരിച്ചുവിടലിന് ശേഷമാണ് കസ്റ്റഡി മരണക്കേസില്‍ വിചാരണ തുടങ്ങുന്നത്. വര്‍ഗീയ സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായ 133 പേരില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങി രണ്ടാഴ്ച കഴിഞ്ഞ് മരിച്ചത് കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടി വന്ന മര്‍ദനം മൂലമാണെന്നും അന്ന് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ടിന് ഈ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് കേസ്. 1990ല്‍ നടന്നുവെന്ന് പറയുന്ന കസ്റ്റഡി മരണക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് 21 വര്‍ഷത്തിന് ശേഷം 2011ല്‍. വിചാരണ പൂര്‍ത്തിയാകുന്നത് 28 വര്‍ഷത്തിന് ശേഷം 2019ല്‍. അധികാരത്തോട് വിയോജിക്കുന്ന, ഭരണകര്‍ത്താക്കളുടെ ക്രമക്കേടുകളെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കുമുള്ള മുന്നറിയിപ്പാണിത്. അവിടെ സത്യത്തിന്റെ മാലാഖയെത്തുമെന്ന് പ്രതീക്ഷിക്കുന്ന സഞ്ജീവ് ഭട്ടുമാരുടെ എണ്ണം കുറയുകയാണ്.
Posted on: June 27, 2019 11:00 am | Last updated: June 27, 2019 at 11:01 am

ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ ഭാഗമായ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിയില്‍ നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഹ്‌സാന്‍ ജഫ്‌രിയുടെ ഭാര്യ സാകിയ ജഫ്‌രി നല്‍കിയ പരാതി 2011 സെപ്തംബറില്‍ സുപ്രീം കോടതി തീര്‍പ്പാക്കി. സി ബി ഐയുടെ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും ഇതിനെ അധികരിച്ച് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൈമാറാനും അവിടെ കേസ് പരിഗണിക്കാനുമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. തനിക്കെതിരായ ആരോപണങ്ങള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞതിന് തുല്യമാണിതെന്ന് കാണിച്ച് അന്ന് നരേന്ദ്ര മോദി ഗുജറാത്തിലെ ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി. ഇതിന് ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് മറുപടിയെഴുതി. ബറോഡയിലെ എം എസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഭുചുംഗ് സോനം എഴുതിയ കവിത ഉദ്ധരിച്ചാണ് സഞ്ജീവ് ഭട്ടിന്റെ കത്ത് അവസാനിക്കുന്നത്.
അതിലെ അവസാന വരികള്‍ ഇങ്ങനെയാണ്:

“നിങ്ങളെന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം
ഞാന്‍ പൊരുതും
സത്യം എന്നിലുണ്ട്
ഞാന്‍ പൊരുതും
എന്റെ എല്ലാ കരുത്തുമുപയോഗിച്ച്
ഞാന്‍ പൊരുതും
അവസാന ശ്വാസം വരെ
ഞാന്‍ പൊരുതും
നുണകള്‍ കൊണ്ട്
നിങ്ങള്‍ തീര്‍ത്ത കൊട്ടാരം
തകര്‍ന്ന് വീഴും വരെ
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്
എന്റെ സത്യത്തിന്റെ
മാലാഖക്ക് മുന്നില്‍ മുട്ടുകുത്തും വരെ…’

നുണകള്‍ കൊണ്ടാരാധിക്കപ്പെടുന്ന പിശാചിന്റെ പിടിയില്‍ രാജ്യത്തിന്റെ നീതിന്യായ സംവിധാനം കൂടി അമര്‍ന്നുവോ എന്ന സംശയം ജനിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ പോലീസ് സര്‍വീസിന്റെ ഭാഗമായിരുന്ന സഞ്ജീവ് ഭട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത്. ഹോട്ടല്‍ മുറിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന കേസില്‍ വിചാരണ നേരിടാന്‍ പോകുന്നത്. നുണകളാല്‍ ആരാധിക്കപ്പെടുന്ന പിശാചിന്റെ പിടി അത്രമേല്‍ ശക്തമാകയാല്‍ സഞ്ജീവ് ഭട്ട് തടവറയില്‍ നിന്ന് പുറത്തെത്തുമെന്ന് കരുതാന്‍ വയ്യ.
2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച് ചില കാര്യങ്ങളെങ്കിലും പുറംലോകത്തെ അറിയിച്ച ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. വംശഹത്യാ ശ്രമം നടക്കും മുമ്പ് നരേന്ദ്ര മോദിയുടെ വിശ്വസ്ത ഉദ്യോഗസ്ഥരില്‍ ഒരാളും. അതുകൊണ്ടാണല്ലോ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് മരിച്ച 58 പേരുടെ ശരീരം അഹമ്മദാബാദില്‍ കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെക്കാന്‍ തീരുമാനിച്ചതിന് പിറകെ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലേക്ക് സഞ്ജീവ് ഭട്ടിനെയും വിളിച്ചത്. ആ യോഗത്തിലാണല്ലോ ഭൂരിപക്ഷത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് നരേന്ദ്ര മോദി നിര്‍ദേശിച്ചതായി ആരോപണമുള്ളത്. അക്കാര്യം പിന്നീട് പരസ്യപ്പെടുത്തിയെന്നതാണല്ലോ സഞ്ജീവ് ഭട്ടിനെ വേട്ടയാടാനുള്ള കാരണവും.

ഇഹ്‌സാന്‍ ജഫ്‌രി

വേട്ടയുടെ ആദ്യ നടപടിയായിരുന്നു 1990ലെ കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കല്‍. നേരത്തെ നിഷേധിച്ച പ്രോസിക്യൂഷന്‍ അനുമതി 2011ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ തന്നെ നല്‍കി. ഭട്ടിനെ പോലീസ് സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അത് സാധിച്ചത് 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഒന്നേകാല്‍ വര്‍ഷമെത്തുമ്പോഴാണ്. മതിയായ കാരണമില്ലാതെ ജോലിക്ക് ഹാജരായില്ലെന്ന് ചൂണ്ടിക്കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച പുറത്താക്കല്‍ ശിപാര്‍ശ, നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഈ പിരിച്ചുവിടലിന് ശേഷമാണ് കസ്റ്റഡി മരണക്കേസില്‍ വിചാരണ തുടങ്ങുന്നത്.
1990ല്‍ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ അയോധ്യയിലേക്ക് നടന്ന അക്രമാസക്തമായ രഥയാത്ര, ബീഹാറില്‍ വെച്ച് ലാലു പ്രസാദ് യാദവ് സര്‍ക്കാര്‍ തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന്റെ പിറകെ ഗുജറാത്തിലെ ജാംനഗറില്‍ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായ 133 പേരില്‍ ഒരാള്‍ ജാമ്യത്തിലിറങ്ങി രണ്ടാഴ്ച കഴിഞ്ഞ് മരിച്ചത് കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടി വന്ന മര്‍ദനം മൂലമാണെന്നും അന്ന് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ടിന് ഈ മരണത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് കേസ്. ഈകേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്ന ആദ്യ തീരുമാനം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത് എന്ന ചോദ്യം നീതിന്യായ സംവിധാനത്തിന് മുന്നില്‍ പ്രസക്തമായില്ല. വര്‍ഗീയതയില്‍ അധിഷ്ഠിതമായ ഏകാധിപത്യത്തില്‍ യുക്തിസഹമായ ചോദ്യങ്ങള്‍ക്ക് സ്ഥാനമില്ലല്ലോ.

പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ മുന്നൂറോളം പേരില്‍ കോടതിയിലെത്തിയത് 30 പേര്‍ മാത്രം. കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ സാക്ഷികളായി ഹാജരായെങ്കിലും അവര്‍ക്കാകെ പറയാനുണ്ടായിരുന്നത് അറിയില്ലെന്നും ഓര്‍മയില്ലെന്നും മാത്രം. കസ്റ്റഡി മര്‍ദനത്തില്‍ മരിച്ചെന്ന് പറയപ്പെടുന്നയാള്‍ക്ക് ശരീരത്തിന് പുറത്തോ അകത്തോ പരുക്കേറ്റതായി കണ്ടെത്തിയിട്ടില്ലെന്ന പരിശോധനാ ഫലം കോടതി പരിഗണിച്ചതേയില്ല. മൃതദേഹ പരിശോധന നടത്തിയ ഡോക്ടറെ വിസ്തരിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. നിശ്ചിത തീയതിക്കകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം അക്ഷരം പ്രതി പാലിക്കാന്‍ വിചാരണക്കോടതിയുടെ ജഡ്ജി തയ്യാറായി. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാതെയും അവശ്യം വേണ്ട രേഖകള്‍ പരിശോധിക്കാതെയും വിചാരണ പൂര്‍ത്തിയാക്കി വിധി പറയുക എന്നതാണോ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുക എന്നതുകൊണ്ട് സുപ്രീം കോടതി ഉദ്ദേശിച്ചത്? ആകണം. ഇല്ലെങ്കില്‍ പതിനൊന്ന് സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ അപേക്ഷ സുപ്രീം കോടതി തള്ളിക്കളയില്ലായിരുന്നുവല്ലോ! ഈ വിധി, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കുന്ന അപ്പീലുകള്‍ പരിഗണിക്കുമ്പോള്‍ സഞ്ജീവ് ഭട്ടിന് തിരിച്ചടിയാകാനാണ് സാധ്യത.

സാകിയ ജഫ്‌രി

1990ല്‍ നടന്നുവെന്ന് പറയുന്ന കസ്റ്റഡി മരണക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് 21 വര്‍ഷത്തിന് ശേഷം 2011ല്‍. വിചാരണ പൂര്‍ത്തിയാകുന്നത് 28 വര്‍ഷത്തിന് ശേഷം 2019ല്‍. സഞ്ജീവ് ഭട്ട് നിര്‍ദേശിച്ച പതിനൊന്ന് സാക്ഷികളെക്കൂടി വിസ്തരിച്ച് വിധി പറയാന്‍ തീരുമാനിച്ചാല്‍ ഇനിയും വൈകുക ഏതാനും ആഴ്ചകളോ മാസങ്ങളോ ആയിരിക്കും. 28 വര്‍ഷം വൈകിയ നീതി ഏതാനും ആഴ്ചകളോ മാസങ്ങളോ കൂടി നീളരുതെന്ന് തീരുമാനിച്ച സുപ്രീം കോടതിയിലെ ബഹുമാന്യരായ ജസ്റ്റിസുമാര്‍ ഇന്ദിരാ ബാനര്‍ജിയും അജയ് രസ്‌തോഗിയും രാജ്യാധികാരം കൈയാളുന്നവരുടെ താത്പര്യങ്ങള്‍ക്ക് വിധേയരായതാണോ എന്ന സംശയം ന്യായമായും ഉയരും.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്ക് ഹിതകരമല്ലാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പലവിധത്തില്‍ ലക്ഷ്യമാക്കപ്പെട്ടിട്ടുണ്ട്. 2002ലെ ഗുജറാത്ത് വംശഹത്യാ കാലത്ത് ഭാവ്‌നഗറില്‍ നാനൂറോളം പേരെ (ഭൂരിഭാഗവും കുട്ടികള്‍) അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത് അന്ന് അവിടെ ചുമതലയുണ്ടായിരുന്ന രാഹുല്‍ ശര്‍മ എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ തീരുമാനമായിരുന്നു. അക്രമികള്‍ക്കു നേര്‍ക്ക് വെടിവെക്കാന്‍ ഉത്തരവിട്ടു രാഹുല്‍ ശര്‍മ. വെടിവെപ്പില്‍ കൊല്ലപ്പെട്ടതിലധികവും ഹിന്ദുക്കളായിരുന്നുവെന്നതിന്റെ പേരില്‍ അന്നുതൊട്ടിന്നോളം രാഹുല്‍ ശര്‍മ, നരേന്ദ്ര മോദിയുടെ കണ്ണിലെ കരടാണ്. വകുപ്പുതല നടപടികള്‍ പലത് നേരിട്ടു. ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് ശര്‍മ, ഐ പി എസ്സുകാരനായ ജ്യേഷ്ഠനോടുള്ള പകയുടെ ഇരയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും സഹ മന്ത്രിയായിരുന്ന അമിത് ഷായുടെയും നിയമവിരുദ്ധമായ ഉത്തരവുകള്‍ നടപ്പാക്കാന്‍ ജ്യേഷ്ഠന്‍ കുല്‍ദീപ് ശര്‍മ തയ്യാറാകാത്തതാണ് തങ്ങളെ ലക്ഷ്യമിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് പ്രദീപിന്റെ വാദം. സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച് അമിത് ഷായുടെ അറസ്റ്റിലേക്ക് കാര്യങ്ങളെ എത്തിച്ച ഐ പി എസ് ഉദ്യോഗസ്ഥന്‍ രജനീഷ് റായ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് 2018ലാണ്.

ഗുജറാത്തിനെ മാതൃകയാക്കൂ എന്ന്, നരേന്ദ്ര മോദി പരമാധികാരിയാകുന്നതിന് ഏറെക്കാലം മുമ്പ് എല്ലാ സംസ്ഥാനങ്ങളോടും നിര്‍ദേശിക്കാന്‍ മടികാണിക്കാതിരുന്ന സുപ്രീം കോടതിയുടെ പിന്‍മുറക്കാര്‍, പുതിയ മാതൃകകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ അത്ഭുതമില്ല. അത് അധികാരത്തോട് വിയോജിക്കുന്ന, ഭരണകര്‍ത്താക്കളുടെ ക്രമക്കേടുകളെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കുമുള്ള മുന്നറിയിപ്പാണ്. നുണകളാല്‍ ആരാധിക്കപ്പെടുന്ന പിശാചിന് വഴങ്ങിക്കൊടുക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പ്. അവിടെ സത്യത്തിന്റെ മാലാഖയെത്തുമെന്ന് പ്രതീക്ഷിക്കുന്ന സഞ്ജീവ് ഭട്ടുമാരുടെ എണ്ണം കുറയുകയാണ്. അതുകൊണ്ടാണ് ഈ വേട്ടക്ക് രാജ്യം മൗനം കൊണ്ട് അനുമതി നല്‍കുന്നത്. വിധിക്കപ്പെട്ട ശിക്ഷയേക്കാള്‍ ഭയപ്പെടുത്തുന്നത് ഈ നിസ്സംഗതയാണ്.