ശബരിമല: ആചാര സംരക്ഷണത്തിന് സ്വകാര്യ ബില്ലുമായി പ്രതിപക്ഷം

Posted on: June 25, 2019 1:43 pm | Last updated: June 25, 2019 at 4:19 pm

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണം സംബന്ധിച്ച് സ്വകാര്യ ബില്ലിന് അനുമതി തേടി പ്രതിപക്ഷം സ്പീക്കറെ സമീപിച്ചു. എം വിന്‍സെന്റ് എം എല്‍ എയാണ് ബില്ലവതരിപ്പിക്കാന്‍ അനുമതി തേടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

മുമ്പ് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമം നടത്തിയിരുന്നു. അന്ന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇത്തരമൊരു ബില്‍ അവതരിപ്പിക്കാന്‍ അനുമതി ഇല്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി.

ലോക്‌സഭയില്‍ യു ഡി എഫ് നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട് സ്വകാര്യബില്‍ അവതരിപ്പിച്ചിരുന്നു. ഇത് ഏറ്റുപിടിച്ചാണ് സംസ്ഥാന നിയമസഭയിലും ബില്ലുമായി പ്രതിപക്ഷം എത്തുന്നത്.

എന്നാല്‍ സുപ്രീംകോടതി പരിഗണനയിലുള്ള കേസില്‍ ഇത്തരം ഒരു ബില്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്. കേവലം രാഷ്ട്രീയ ലക്ഷ്യമിട്ടാണ് പ്രതിപക്ഷം ഇത്തരം ഒരു നീക്കം നടത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്.