Connect with us

Kerala

സംസ്ഥാനത്തെ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപനം 15 ദിവസത്തിനകമെന്ന് ഇ ശ്രീധരന്‍ ; 200 കി.മി വേഗം, 22 സ്റ്റോപ്പുകള്‍

തിരുവന്തപുരത്ത് നിന്ന് കൊച്ചി വരെ ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂറും തിരുവന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ മൂന്നേകാല്‍ മണിക്കൂര്‍

Published

|

Last Updated

പാലക്കാട് |  സംസ്ഥാനത്തെ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതായി മെട്രോമാന്‍ ഇ ശ്രീധരന്‍. പദ്ധതി സംബന്ധിച്ച് പതിനഞ്ചു ദിവസത്തിനകം റെയില്‍വേയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കു നേതൃത്വം നല്‍കാന്‍ നിയോഗിച്ചത് ഇ ശ്രീധരനെയാണ്

പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയാകില്ല. സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരുവന്തപുരത്ത് നിന്ന് കൊച്ചി വരെ ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂറും തിരുവന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ മൂന്നേകാല്‍ മണിക്കൂര്‍ സമയവുമാണ് വേണ്ടിവരിക.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആയിരിക്കും ട്രെയിനിന്റെ വേഗം. കേരളത്തില്‍ 22 സ്റ്റോപ്പുകളാകും ഉണ്ടാവുക. സില്‍വര്‍ ലൈനില്‍ നിന്ന് വ്യത്യസ്തമായി അതിന്റെ മൂന്നിലൊരു ഭാഗം ഭുമി മാത്രമേ അതിവേഗ റെയിലിന് വേണ്ടിവരികയുള്ളുവെന്നും ഇ ശ്രീധരന്‍ പറഞ്ഞു

എഴുപത് ശതമാനം എലിവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാത്താവളങ്ങളെ ബന്ധിപ്പിക്കുന്നതാവും അതിവേഗ റെയില്‍ പദ്ധതി.പദ്ധതിക്കെതിരെ സമരം പാടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ആവശ്യത്തിന് മാത്രമേ സ്ഥലമേറ്റെടുക്കുകയുള്ളു. തൂണുകളുടെ പണി കഴിഞ്ഞാല്‍ ഭൂമി തിരികെ നല്‍കും. ആ ഭൂമിയില്‍ കെട്ടിടങ്ങള്‍ കെട്ടാന്‍ അനുമതി ഉണ്ടാവില്ല. കൃഷി ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയും ചെയ്യാമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

പരമാവധി ആളുകളെ കയറ്റണമെന്നതിനാല്‍ 25 കിലോമീറ്ററിനിടയില്‍ സ്റ്റോപ്പ് അനുവദിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂര്‍, കുന്നംകുളം. എടപ്പാള്‍. തിരൂര്‍, കരിപ്പൂര്‍ വിമാനത്താവളം, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി കണ്ണൂര്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എട്ടുകോച്ചുകളാണ് ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്. പരമാവധി 16 കോച്ചുകള്‍ മാത്രമെ പാടുളളൂ. നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ടെക്നോളജിയുള്ള കോച്ചുകള്‍ തന്നെയായിരിക്കും ഉപയോഗിക്കുക. 8 കോച്ചില്‍ 560 ആളുകള്‍ക്ക് സഞ്ചരിക്കാം. നിന്ന് പോകല്‍ സാധ്യമല്ല. ഒരുകിലോമീറ്റര്‍ ദൂരത്തിന് എല്ലാം ഉള്‍പ്പടെ ചെലവ് 200 കോടിയാണ്. ആകെ 86,000 കോടി ചെലവ് വരും. പണിപൂര്‍ത്തിയാകുമ്പോഴെക്കും ഒരുലക്ഷം കോടി ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest