രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ കഴിയുന്നില്ല: കൊടിക്കുന്നില്‍ സുരേഷ്

Posted on: June 25, 2019 12:05 pm | Last updated: June 25, 2019 at 2:14 pm

ന്യൂഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ച സമയമപരിധി ഇന്നവസാനിക്കും. രാഹുലിനെ പിന്തരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിരവധി ശ്രമങ്ങളുണ്ടായി. എന്നാല്‍ രാഹുല്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പുതിയ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി തുറന്ന് പറഞ്ഞിരിക്കുകയാണ് മുതിര്‍ന്ന പാര്‍ലിമെന്റേറിയനായ കൊടിക്കുന്നില്‍ സുരേഷ് എം പി.

രാഹുല്‍ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. നെഹ്‌റു കുടുംബാംഗം തന്നെ കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് പൊതുവികാരമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പന്നാലെ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഇനിയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കുകയായിരുന്നു. സ്ഥാനമൊഴിയുകയാണെന്നും ഒരു മാസത്തിനകം പിന്‍ഗാമിയെ കണ്ടെത്താനും നേതൃത്വത്തോട് രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു. അധ്യക്ഷ പദവിയിലേക്കില്ലെന്ന കടുംപിടുത്തം തുടരുമ്പോഴും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി രാഹുല്‍ ഈ മാസം 28 ന് കൂടിക്കാഴ്ച നടത്തും.