ചിലിയെ തോല്‍പ്പിച്ച് ഉറുഗ്വായ്; സമനിലയില്‍ പിരിഞ്ഞ ഇക്വഡോറും ജപ്പാനും പുറത്ത്

Posted on: June 25, 2019 10:05 am | Last updated: June 25, 2019 at 1:10 pm

റിയോ ഡി ജനീറോ/ബെലോ ഹെറിസോന്‍ഡി: കോപ്പയില്‍ ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഉറുഗ്വായ്. ഈ വിജയത്തോടെ ഉറുഗ്വായ് ഗ്രൂപ്പ് ജേതാക്കളായി. എഡിന്‍സണ്‍ കവാനിയാണ് കളിയുടെ ഭൂരിഭാഗം സമയവും നീണ്ടുനിന്ന ഗോള്‍ വരള്‍ച്ചക്ക് അറുതി വരുത്തിയത്. ഹെഡറിലൂടെയാണ് കവാനി ടൂര്‍ണമെന്റിലെ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. മൂന്നു മത്സരത്തില്‍ നിന്നായി ഉറുഗ്വെ ഏഴു പോയിന്റ് നേടിയപ്പോള്‍ ചിലി തൊട്ടടുത്തുണ്ട് (ആറ് പോയിന്റ്). മൂന്ന് പോയിന്റോടെ ജപ്പാനാണ് മൂന്നാമത്.

മറ്റൊരു മത്സരത്തില്‍ ഇക്വഡോറും ജപ്പാനും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഇരു ടീമുകളും കോപ്പയില്‍ നിന്ന് പുറത്തായി.
15ാം മിനുട്ടില്‍ ഷോയ നകാജിമയുടെ ഗോളില്‍ ജപ്പാന്‍ ഇക്വഡോറിനെ ഞെട്ടിച്ചു (1-0). ഗോള്‍ മടക്കാനുള്ള ഇക്വഡോറിന്റെ പരിശ്രമങ്ങള്‍ 35ാം മിനുട്ടില്‍ സഫലമായി. എയ്ഞ്ചല്‍ മെനയുടെ വകയായിരുന്നു ഗോള്‍ (1-1). ഇക്വഡോറിന്റെയും ജപ്പാന്റെയും പുറത്താകല്‍ പരഗ്വായിക്ക് ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്നു.

ബ്രസീല്‍-പരഗ്വായ്, അര്‍ജന്റീന-വെനസ്വേല, ചിലി-കൊളംബിയ, ഉറുഗ്വായ്-പെറു എന്നിങ്ങനെയാണ് ക്വാര്‍ട്ടര്‍ ലൈനപ്പ്.