മകനെതിരായ പരാതി അറിഞ്ഞത് ജനുവരിയില്‍ നോട്ടീസ് വന്നപ്പോള്‍;ഒത്ത്തീര്‍പ്പിന് ശ്രമിച്ചിട്ടില്ല: കോടിയേരി

Posted on: June 24, 2019 7:46 pm | Last updated: June 25, 2019 at 11:46 am

തിരുവനന്തപുരം: മകന്‍ ബിനോയിക്കെതിരായ ലൈംഗിക പീഡന പരാതി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് സംബന്ധിച്ച കേസിന് തുടക്കം കുറിക്കുന്നത് ജനുവരിയിലാണ്. ബിനോയിയുടെ പേരില്‍ ഒരു നോട്ടീസ് വന്നപ്പോഴാണ് പരാതി സംബന്ധിച്ച് ആദ്യമായി താന്‍ അറിയുന്നതെന്നും കോടിയേരി പറഞ്ഞു. പ്രശ്‌നം തീര്‍ക്കാന്‍ ഇടനിലക്കാരെ നിയോഗിച്ചിട്ടില്ല. അഭിഭാഷകനായ ശ്രീജിത്തിനെ തനിക്ക് പരിചയമുണ്ട്. യുവതിയുടെ പരാതി ഒരു പത്ര ഓഫീസില്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് നിജസ്ഥിതി കണ്ടെത്തണമെന്നുമാണ് ശ്രീജിത്ത് തന്നോട് പറഞ്ഞത്. ഇക്കാര്യം തന്നെയാണ് ശ്രീജിത്ത് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞതും. ഒരു ഒത്തുതീര്‍പ്പിനും ശ്രമിച്ചിട്ടില്ല. കോടികള്‍ കൊടുത്തിരുന്നുവെങ്കില്‍ കേസ് ഉണ്ടാകുമായിരുന്നില്ല. ഒരു മാതാവ് എന്ന നിലയില്‍ എന്താണ് സംഭവിച്ചത് എന്നറിയാനാണ് തന്റെ ഭാര്യ ശ്രീജിത്തുമായി ബന്ധപ്പെട്ടത്. അറിഞ്ഞപ്പോള്‍ അതില്‍ ഇടപെടേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള സഹായവും ചെയ്യില്ലെന്ന് ബിനോയിയോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിന്റെ പേരില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കില്ലെന്നും കോടിയേരി പറഞ്ഞു

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ ചെയര്‍പേഴ്‌സണ് തെറ്റി പറ്റിയിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍ . ലൈസന്‍സ് നല്‍കാന്‍ സെക്രട്ടറിക്കാണ് അധികാരം. ഇത് വൈകിപ്പിക്കാന്‍ പികെ ശ്യാമള അധികാരം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കോടിയേരി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനലാണ്‌
കോടിയേരിയുടെ പ്രതികരണം.