ഷാക്കിബ് ഷോ; അഫ്ഗാനെതിരെ ബംഗ്ലാദേശിന് 62 റണ്‍സ് ജയം

Posted on: June 24, 2019 11:00 am | Last updated: June 25, 2019 at 12:01 pm

 

സൗതാംപ്ടണ്‍: ബാറ്റെടുത്തപ്പോള്‍ അര്‍ദ്ധ സെഞ്ച്വുറി, പന്തെറിഞ്ഞ് നേടിയത് 5 വിക്കറ്റും. സൗതാംപ്ടണില്‍ ഇന്ന് ഷാക്കിബുല്‍ ഹസന്റെ ദിനമായിരുന്നു. ലോകപ്പില്‍ ആദ്യ വിജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാനെ ബംഗ്ലാദേശ് തോല്‍പിച്ചത് 62 റണ്‍സിന്.

ബംഗ്ലാദേശ് നല്‍കിയ 263 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ അഫ്ഗാന് ഷാക്കിബിന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ ചെറുത്തു നില്‍ക്കാനായില്ല. നേരത്തെ 69 പന്തില്‍ 51 റണ്‍സ് നേടിയ ശാക്കിബ് മുന്‍ നിരതാരങ്ങളുടേതടക്കം 5 വിക്കറ്റുകള്‍ നേടി ബൗളിംഗിലും താരമായി.

നായകന്‍ ഗുല്‍ബുദ്ധീന്‍ നാഇബും (75 പന്തില്‍ 47) ശമീഉല്ല ശന്‍വാരി (75 പന്തില്‍ 49) യുമാണ് അഫ്ഗാന്റെ ടോപ്‌സ്‌കോറര്‍മാര്‍. ഓപണര്‍മാരായ നാഇബിന്റെയും റഹ്മത്ത് ഷാ(35 പന്തില്‍ 24)യുടെയും അടക്കം 5 വിക്കറ്റുകളും നേടിയത് ഷാക്കിബാണ്‌.

പത്തോവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയാണ് ഈ 5 വിക്കറ്റ് നേട്ടം. ഇതോടെ ലോകകപ്പില്‍ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബംഗ്ലാദേശുകാരനായി ഷാക്കിബ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബംഗ്ലാദേശ് താരവും ഷാക്കിബാണ്.  ലോകകപ്പില്‍ 1000 റണ്‍സ് നേടുന്ന ആദ്യ ബംഗ്ലാദേശ് താരമായും ഷാക്കിബ് മാറി. നാലാം ലോകപ്പില്‍ 27 മത്സരങ്ങളില്‍ നിന്നാണ് ശാക്കിബ് ഈ നേട്ടത്തിനര്‍ഹനായത്. 1000 ലോകകപ്പ് റണ്‍സ് നേടുന്ന പത്തൊമ്പതാമത്തെ ബാറ്റസ്മാനാണ് ഷാക്കിബ്. ഈ നേട്ടങ്ങള്‍ക്കൊപ്പം ഈ ലോകകപ്പിലെ ടോപ്‌സ്‌കോററും ഷാക്കിബ് തന്നെയാണ്. 10* വിക്കറ്റും 476* റണ്‍സുമാണ് ഷാക്കിബിന്റെ ഈ ലോകകപ്പിലെ നേട്ടം.

വീണ്ടും മുഷ്ഫിഖ്, ഷാക്കിബ്

ബംഗ്ലാദേശിനായി മുഷ്ഫിഖുല്‍ റഹ്മാന്‍ 87 പന്തില്‍ 83 റണ്‍സെടുത്ത് ഈ കളിയിലും തിളങ്ങി. ഒരു സിക്‌സും 4 ഫോറുകളുമടങ്ങുന്നതാണ് മുഷ്ഫിഖിന്റെ ഇന്നിംഗ്‌സ്. 69 പന്തില്‍ 51 റണ്‍സെടുത്ത ശാകിബുല്‍ ഹസനും അര്‍ദ്ധ സെഞ്ച്വറി നേടാനായി. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്.

തുടക്കത്തില്‍,  സ്‌കോര്‍ 23 നില്‍ക്കെ ലിന്റന്‍ ദാസിന്റെ വിക്കറ്റ് വീഴ്ത്തി അഫ്ഗാന്‍ ബംഗ്ലാദേശിനെ വിറപ്പിച്ചു. പതിനേഴാം ഓവറില്‍ തമീം ഇഖ്ബാലിനേയും പവലിയനിലേക്ക് മടക്കി മുഹമ്മദ് നബിയും മികവുകാട്ടി.

മൂന്നാം വിക്കറ്റില്‍ ശാകിബ് ഹസനും (69 പന്തില്‍ 51) മുഷ്ഫഖു റഹ്മാനും മികച്ച പ്രകടനം കാഴ്ചവച്ചു. മഹ്മൂദുല്ല (38 പന്തില്‍ 27), മുസദിഖ് ഹുസൈന്‍ (24 പന്തില്‍ 35) എന്നിവരും തിളങ്ങി. 10 ഓവറില്‍ 39 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്തിയ മുജീബുല്‍ റഹ്മാനാണ് അഫ്ഗാന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ഗുല്‍ബുദ്ദീന്‍ നാഇബിന് രണ്ടും നബിക്കും സദ്‌റാനും ഓരോ വിക്കറ്റ് വീതവും നേടാനായി.

കളിച്ച ആറ് മത്സരവും തോറ്റ അഫ്ഗാന് ഇന്ന് ആശ്വാസ ജയം തേടിയാണ് ഇറങ്ങിയത്. എന്നാല്‍ ബംഗ്ലാദേശിനിന്ന് നിലനില്‍പിന്റെ പ്രശ്‌നമാണ്. സെമിഫൈനല്‍ സാധ്യത ഭദ്രമാക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്. ആറ് മത്സരങ്ങളില്‍ 2 വിജയവുമായി അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശ്.