Connect with us

Kerala

റിമാന്‍ഡ് പ്രതിയുടെ മരണം; പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍

Published

|

Last Updated

നെടുങ്കണ്ടം: പീരുമേട് സബ് ജയിലിലെ റിമാന്‍ഡ് പ്രതി രാജ് കുമാറിന്റെ മരണത്തിനിടയാക്കിയത് കസ്റ്റഡിയിലെ പോലീസ് മര്‍ദനമാണെന്നതിന് കൂടുതല്‍ തെളിവുകള്‍. രാജ് കുമാറിനെ മര്‍ദിച്ചതു കണ്ടെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയതോടെയാണിത്. വായ്പ ലഭ്യാമാക്കാമെന്ന് വിശ്വസിപ്പിച്ച് സ്വയംസഹായ സംഘങ്ങളില്‍ നിന്ന് ഒരുകോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതിയായ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ് കുമാറിനെ (49) ജൂണ്‍ 16നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയക്കുകയായിരുന്നു. എന്നാല്‍ 12ന് കസ്റ്റഡിയിലെടുത്തതായാണ് നാട്ടുകാരുടെ വാദം.

21ന് രാജ് കുമാറിന്‌  ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പീരുമേട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം, രാജ് കുമാറിനെ നാലു ദിവസം കസ്റ്റഡിയില്‍ സൂക്ഷിച്ചുവെന്നും ഇവിടെ നിന്നേറ്റ മര്‍ദനത്തിലേറ്റ പരുക്കുകളെ തുടര്‍ന്നാണ് മരിച്ചതെന്നും ആരോപണമുണ്ട്. കസ്റ്റഡിയിലിരിക്കെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ രാജ് കുമാര്‍ ചികിത്സ തേടിയതായും സൂചനയുണ്ട്.