കാലാവധി തീരും മുമ്പ് ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു

Posted on: June 24, 2019 10:20 am | Last updated: June 24, 2019 at 1:10 pm

ന്യൂഡല്‍ഹി: വിരമിക്കാന്‍ ആറ് മാസം ബാക്കിയിരിക്കെ റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ഡവര്‍ണര്‍ വി ആചാര്യ രാജിവെച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉന്നത് സ്ഥാനത്ത് നിന്ന് രാജിവെക്കുന്ന രണ്ടാമത്തെയാളാണ് ആചാര്യ. സര്‍ക്കാറുമായുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ രാജിവെച്ചിരുന്നു. വിരമിക്കാന്‍ ഒമ്പത് മാത്രം ബാക്കിയിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ രാജി.

നിലവിലെ സാഹചര്യത്തില്‍ കാലാവധി പുതുക്കുന്നതില്‍ യാതൊരു താത്പര്യവുമില്ലെന്ന് ഇന്ന് രാജിവെച്ച ആചാര്യ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ക്രഡിറ്റ് റിസ്‌ക് വിദഗ്ധനായ ആചാര്യ്ക്ക് ഏപ്രില്‍ നാലിന് പ്രഖ്യാപിച്ച സാമ്പത്തിക നയവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി അഭിപ്രായഭിന്നതയുണ്ടായിരുന്നെന്നാണ് ബേങ്ക് പുറത്തിറക്കിയ മിനുട്‌സില്‍ പറയുന്നത്. റിപ്പോ നിരക്ക് കുറച്ചുകൊണ്ട് സാമ്പത്തിക വളര്‍ച്ചയില്‍ ശ്രദ്ധയൂന്നുകയെന്ന നിലപാടിലായിരുന്നു റിസര്‍വ് ബേങ്ക് ഗവര്‍ണര്‍. പണപ്പെരുക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ നിരക്ക് ഇനിയും കൂട്ടുന്നതിനെതിരെ ആചാര്യ മുന്നറിയിപ്പു നല്‍കിയരുന്നു. എന്നാല്‍ ആറംഗ സാമ്പത്തിക നയ കമ്മിറ്റി റിപ്പോ നിരക്ക് 25% കുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആചാര്യയുടെ രാജിയോടെ ആര്‍ ബി ഐയില്‍ എന്‍ എസ് വിശ്വനാഥ്, ബി പി കനുംഗോ, എം കെ ജെയ്ന്‍ എന്നീ മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ മാത്രമാണുള്ളത്. 2017 ജനുവരിയിലാണ് ആചാര്യ ആര്‍ ബി ഐയിലെത്തിയത്. സാമ്പത്തിക ഉദാരവത്കരണത്തിനുശേഷമുള്ള ആര്‍ ബി ഐയിലെ ഏറ്റവും പ്രായംകുറഞ്ഞ ഡെപ്യൂട്ടി ഗവര്‍ണറാണ് ആചാര്യ. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിയിറ്റിലെ പ്രൊഫസറായിരുന്ന അദ്ദേഹം ആ സ്ഥാനത്തേക്ക് തന്നെ തിരിച്ച് പോകുമെന്നാണ് റിപ്പോര്‍ട്ട്.