ശബരിമല: പാര്‍ട്ടിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ചോര്‍ന്നതായി സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശം

Posted on: June 24, 2019 12:57 am | Last updated: June 24, 2019 at 10:20 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് ലഭിക്കേണ്ട വോട്ടുകള്‍ യു ഡി എഫിലേക്കും ബി ജെ പിയിലേക്കും പോയതായി സി പി എം സംസ്ഥാന സമിതിയില്‍ വിലയിരുത്തല്‍. അയ്യപ്പവിശ്വാസികളായ പാര്‍ട്ടി അണികളുണ്ട്. അവരെല്ലാം കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം പഠിച്ചവരല്ല. അതിനാല്‍ അവര്‍ക്കിടയില്‍ ശബരിമല വിഷത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും നിലപാട് സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന സമിതി അംഗങ്ങള്‍ പറഞ്ഞു. അല്ലാതെ വിശ്വാസികളെ തിരികെ കൊണ്ടുവരാനാവില്ല.

പാര്‍ട്ടി വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയത് വലിയ പോരായ്മയാണ്. ജനങ്ങളുമായുള്ള ബന്ധം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പിലെ വലിയ തോല്‍വി വലിയ പോരായ്മയാണ്. കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശമാണ് യോഗത്തില്‍ ഉയര്‍ന്നത്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നയം സ്വീകരിച്ചത് തിരിച്ചടിയായി. ഇത് കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ ബാധിച്ചു. ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി പ്രാദേശിക തലത്തില്‍ സഖ്യങ്ങള്‍ ഉണ്ടാക്കിയത് വിശദീകരിക്കാന്‍ പാര്‍ട്ടിക്കായില്ല. ജനങ്ങളുടെ മനസ്സറിയുന്നതില്‍ പരാജയപ്പെട്ടു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനം കേരളത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി. താഴേ തട്ടില്‍ പണിയെടുക്കാതെ മുന്നോട്ടുപോകാനാവില്ല. പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാനുള്ള മാര്‍ഗങ്ങള്‍ ആരായണം. കോണ്‍ഗ്രസുമായുള്ള സമീപനത്തിന് വ്യക്തതയുണ്ടായില്ല. വോട്ടു ചോര്ഡച്ച തിരിച്ചറിയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും ചില അംഗങ്ങള്‍ വിമര്‍ശം ഉന്നയിച്ചു.

ശബരിമല വിഷയത്തില്‍ താഴേത്തട്ടില്‍ ബോധവത്കരണം വേണം. ലോക് സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട വലിയ തിരിച്ചടി സംബന്ധിച്ച കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്തൂരും ബിനോയ് കോടിയേരി വിവാദവും ഇന്നലത്തെ യോഗം ചര്‍ച്ച ചെയ്തില്ല. സംസ്ഥാന സമിതി യോഗം ഇന്നും തുടരും. ഇന്നു വിവാദ വിഷയങ്ങള്‍ പരിഗണിക്കാനാണ് സാധ്യത. ി