അമ്പയറെ നോക്കി അലറി; കോലിക്ക് പണി കിട്ടി

Posted on: June 23, 2019 6:28 pm | Last updated: June 23, 2019 at 6:28 pm

അഫ്ഗാനിസ്ഥാനെതിരെ നടന്ന ലോകകപ്പ് മത്സരത്തില്‍ അമ്പയറോട് രോഷത്തോടെ പെരുമാറിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പിഴശിക്ഷ. മത്സരത്തില്‍ എല്‍ ബി ഡബ്ല്യൂ വിക്കറ്റിനായി കോലി നടത്തിയ അപ്പീലുകള്‍ അതിരു കടന്നതിനാലാണ് ശിക്ഷ. മാച്ച് റഫറി ക്രിസ് ബോഡ് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ഏര്‍പ്പെടുത്തിയത്.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ബുംറ എറിഞ്ഞ 29 ആം ഓവറിലാണ് നടപടി നേരിട്ട സംഭവം. അഫ്ഗാന്‍ താരം റഹ്മത്ത് ഷാക്കെതിരെ ഇന്ത്യ എല്‍ ബിക്കായി അപ്പീല്‍ ചെയ്തുവെങ്കിലും അമ്പയര്‍ അലീം ദാര്‍ ഔട്ട് വിധിച്ചില്ല. റിവ്യൂ ഓപ്ഷന്‍ ഉപയോഗിക്കാനുള്ള അവസരവും തീര്‍ന്നതിനാല്‍ കോലി അമ്പയറോട് അലറുകയായിരുന്നു.

അതേ സമയം മാച്ച് റഫറി ചുമത്തിയ കുറ്റം അംഗീകരിച്ചതിനാല്‍ സംഭവത്തില്‍ കോലിക്ക് ഔദ്യോഗിക വിധി കേള്‍ക്കലിന് ഹാജരാകേണ്ടി വന്നില്ല. പിഴശിക്ഷക്കൊപ്പം ഒരു ഡീമെറിറ്റ് പോയിന്റും കോലിക്ക് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലും കോലിക്ക് അച്ചടക്ക ലംഘത്തിന് ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു.