ഗ്രാമ വാസ്തവ്യ പരിപാടിയിൽ നിലത്ത് കിടന്നുറങ്ങി കർണാടക മുഖ്യമന്ത്രി

Posted on: June 23, 2019 6:08 am | Last updated: June 23, 2019 at 4:10 pm


ബെംഗളൂരു: ജനകീയ പ്രശ്‌നങ്ങൾ നേരിട്ടറിയാനും പ്രശ്‌ന പരിഹാരത്തിനുമായി ആരംഭിച്ച ഗ്രാമ വാസ്തവ്യ പരിപാടിയുടെ വിശ്രമ വേളയിൽ നിലത്ത് പായ വിരിച്ച് കിടന്നുറങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കഴിഞ്ഞ ദിവസം യാദ്ഗിരി ജില്ലയിലെ ചന്ദ്രാകി ഗ്രാമത്തിലെത്തിയ മുഖ്യമന്ത്രി അവിടത്തെ ഒരു സർക്കാർ വിദ്യാലയത്തിലാണ് നിലത്ത് പായ വിരിച്ച് കിടന്നുറങ്ങിയത്.

യാത്രയിലുടനീളം ഗ്രാമങ്ങളിൽ മുഖ്യമന്ത്രിക്ക് പഞ്ചനക്ഷത്ര സൗകര്യമാണ് ഒരുക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ശക്തമായതിനെ തുടർന്നാണ് സ്‌കൂളിലെ നിലത്ത് കിടന്നുറങ്ങുന്ന കുമാരസ്വാമിയുടെ ചിത്രം പുറത്തുവിട്ടത്. തറയിൽ കിടന്നുറങ്ങുന്ന കുമാരസ്വാമിയുടെ പടം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കർണാടയിലെ സഖ്യ സർക്കാറിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗ്രാമ സന്ദർശനം.
ഗ്രാമവാസ്തവ്യ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിക്ക് ആഡംബര ശുചിമുറി നിർമിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണ് തറയിൽ പായ വിരിച്ച് ഉറങ്ങുന്ന കുമാരസ്വാമിയുടെ ചിത്രം പുറത്തുവന്നത്.

ആഡംബര സൗകര്യങ്ങളില്ലാതെയാണ് താൻ ഗ്രാമത്തിൽ കഴിഞ്ഞത്. ശുചിമുറി സൗകര്യം ഉണ്ടാക്കിയെന്നത് സത്യമാണ്. പക്ഷേ അത് സ്‌കൂളിനും കുട്ടികൾക്കുമാണ് ഉപകാരപ്പെടുന്നത്. തിരിച്ച് പോകുമ്പോൾ ഞാൻ കൊണ്ടുപോകില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഒരു ചെറിയ കുടിലിലും പഞ്ചനക്ഷത്ര ഹോട്ടലിലും കിടന്നുറങ്ങാൻ എനിക്ക് സാധിക്കും. നിലത്ത് കിടന്നുറങ്ങിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങൾക്ക് വേണ്ടി റോഡിൽ കിടന്നുറങ്ങാനും താൻ തയ്യാറാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ബി ജെ പിയിൽ നിന്ന് തനിക്ക് ഒന്നും പഠിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച ട്രെയിൻ മാർഗം യാദ്ഗീർ ജില്ലയിലെത്തിയ കുമാരസ്വാമി അവിടെ നിന്ന് കെ എസ് ആർ ടി സി ബസിലാണ് ചന്ദ്രാകി ഗ്രാമത്തിലെത്തിയത്. യുവാക്കളും സ്ത്രീകളുമടക്കം നൂറ് കണക്കിനാളുകളാണ് ഗ്രാമത്തിലെ പ്രശ്‌നങ്ങൾ ബോധിപ്പിക്കാനായി മുഖ്യമന്ത്രിയെ കാണാനെത്തിയത്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം, കൂടുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, പുതിയ റോഡുകൾ തുടങ്ങി നിരവധി ആവശ്യങ്ങൾ ഗ്രാമീണർ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു. ഗ്രാമത്തിലെ വിദ്യാർഥികളുമായും മുഖ്യമന്ത്രി സംവദിച്ചു. ഗ്രാമവാസികൾ ഒരുക്കിയ സാംസ്‌കാരിക പരിപാടികളിലും മുഖ്യമന്ത്രി സംബന്ധിച്ചു.

സംസ്ഥാനത്തെ ഗ്രാമങ്ങളിൽ താമസിച്ച് ഗ്രാമീണ ജനത നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ കേൾക്കുക എന്നതാണ് ഗ്രാമ വാസ്തവ്യയുടെ ലക്ഷ്യം. മുഖ്യമന്ത്രിയോടൊപ്പം വകുപ്പ്തല ഉദ്യോഗസ്ഥരുമുണ്ട്. ഇത് രണ്ടാം വട്ടമാണ് കുമാരസ്വാമി ഗ്രാമങ്ങളിൽ നേരിട്ടെത്തി പ്രശ്‌നങ്ങളറിയുന്നത്. 2006-07 കാലഘട്ടത്തിൽ ആദ്യമായി മുഖ്യമന്ത്രിയായപ്പോഴാണ് കുമാരസ്വാമി ഗ്രാമവാസ്തവ്യ പരിപാടിക്ക് തുടക്കമിട്ടത്.