Connect with us

Malappuram

മുത്വലാഖ് ബിൽ: പാർലിമെന്റിൽ വീണ്ടും അബദ്ധം പിണഞ്ഞ് മുസ്‌ലിം ലീഗ്

Published

|

Last Updated

ന്യൂഡൽഹി: പാർലിമെന്റിൽ വീണ്ടും അബദ്ധം പിണഞ്ഞ് മുസ്‌ലിം ലീഗ്. നടപടിക്രമങ്ങളിൽ വീണ്ടും അലസത കാണിച്ചതിനെ തുടർന്ന് മുത്വലാഖ് ബില്ലിലെ ആദ്യ ദിന ചർച്ചയിൽ ലീഗിന് പങ്കെടുക്കാനായില്ല.

കോൺഗ്രസിലെ ശശി തരൂരും ആർ എസ് പിയിലെ എം കെ പ്രേമചന്ദ്രനും അവസരം വിനിയോഗിക്കുകയും ചെയ്തു. ബില്ലിനെ എതിർത്ത് സംസാരിക്കാൻ സമയത്തിന് കത്ത് നൽകാത്തതിനാൽ ലീഗിന്റെ ലോക്‌സഭാ കക്ഷി നേതാവായ കുഞ്ഞാലിക്കുട്ടിക്കാണ് 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ അബദ്ധം പിണഞ്ഞത്. മുത്വലാഖ് ബിൽ വെള്ളിയാഴ്ച സഭയിൽ അവതരിപ്പിക്കുന്ന വിവരം നേരത്തെ തന്നെ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതുപ്രകാരം ചർച്ചയിൽ പങ്കെടുത്തു സംസാരിക്കാൻ ഏതാനും പേർ കത്തും നൽകി.

എന്നാൽ മുൻകൂട്ടി അവസരം വാങ്ങിയ തരൂരിനും പ്രേമചന്ദ്രനും ഉവൈസിക്കുമൊപ്പം കത്ത് നൽകാത്ത കുഞ്ഞാലിക്കുട്ടിയും എഴുന്നേറ്റെങ്കിലും സ്പീക്കർ ഓം ബിർള അനുമതി നൽകിയില്ല. ചർച്ചയിൽ പങ്കെടുക്കാൻ നേരത്തേ അനുമതി തേടിയവർക്കൊക്കെ അസരം നൽകിയതായി സപീക്കർ പറഞ്ഞതോടെ അമളി മനസ്സിലായ കുഞ്ഞാലിക്കുട്ടി പിൻവാങ്ങി. കഴിഞ്ഞ ലോക്‌സഭയിൽ മുത്വലാഖ് ബില്ലിന്മേൽ ചർച്ചയും വോട്ടെടുപ്പും നടക്കുമ്പോൾ കുഞ്ഞാലിക്കുട്ടി സഭയിൽ എത്താതിരുന്നത് വിവാദമായിരുന്നു.


അവസരം ഇനിയുമുണ്ട്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുത്വലാഖ് ബിൽ ലോക്‌സഭയിൽ ചർച്ചക്ക് വരുന്നതേയുള്ളൂവെന്നും വിഷയം വരുമ്പോൾ പ്രശ്‌നത്തിൽ ശക്തമായി ഇടപെടുമെന്നും പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. മലപ്പുറത്ത് എം എസ് എഫ് കലക്ടറേറ്റിലേക്ക് നടത്തിയ ലോംഗ് മാർച്ചിനെ സംബോധന ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് സംബന്ധിച്ച് പുറത്ത് വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. മുത്വലാഖ് ബില്ലിനെ എതിർത്ത് സംസാരിക്കാൻ സമയം തേടി കത്ത് നൽകാത്തതിനാൽ ലോക്‌സഭാ സമ്മേളനത്തിൽ അബദ്ധം പറ്റിയത് സംബന്ധിച്ച് വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാധ്യക്ഷ രാജിവെച്ച് പുറത്ത് പോയാലും പ്രവാസിയുടെ കുടുംബത്തിനേറ്റ നഷ്ടം നികത്താനാവില്ലെന്നും നിക്ഷേപ സൗഹൃദമാവാനുള്ള കേരളത്തിന്റെ ശ്രമത്തിനേറ്റ തിരിച്ചടിയാണ് സംഭവമുണ്ടാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest