കുടുംബാംഗങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ തനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാകില്ല; മകനെ തള്ളി കോടിയേരി

Posted on: June 22, 2019 3:58 pm | Last updated: June 22, 2019 at 5:55 pm

തിരുവനന്തപുരം: ആരോപണ വിധേയനായ മകന്‍ ബിനോയ് കോടിയേരിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകന്‍ ബിനോയിയെ സഹായിക്കാനോ സംരക്ഷിക്കാനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കില്ലെന്നും കോടിയേരി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വിവാദത്തിന് ശേഷം ബിനോയിയെ കണ്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

ബിനോയ് പ്രായപൂര്‍ത്തിയായ ആളാണ്. നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിന്റെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്. അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. കുടുംബാംഗങ്ങള്‍ ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്വം പാര്‍ട്ടിയോ താനോ ഏറ്റെടുക്കില്ല. മറ്റ് കാര്യങ്ങള്‍ നിയമപരമായി പരിശോധിച്ച് ചെയ്യട്ടെയെന്നും കോടിയേരി പറഞ്ഞു.  പരാതിക്കാരിയുമായ യുവതിയുമായി സംസാരിച്ചിട്ടില്ല. കേസ് വന്നപ്പോഴാണ് സംഭവം അറിയുന്നതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറാന്‍ സന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തകള്‍ തള്ളിയ കോടിയേരി അത് മാധ്യമ സൃഷ്ടികള്‍ മാത്രമാണെന്നും പറഞ്ഞു. ആയുര്‍വേദ ചികിത്സയിലായതുകൊണ്ടാണ് വിവാദങ്ങളില്‍ പ്രതികരിക്കാന്‍ കഴിയാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.