Connect with us

Kerala

കുട്ടികൾക്ക് ഇനി പാൽ മധുരം

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ മുഴുവൻ അങ്കൺവാടികളിലേക്കും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുമായി വിറ്റാമിൻ അടങ്ങിയ മധുരമുള്ള തിളപ്പിച്ചാറ്റിയ പാക്കറ്റ് പാൽ എത്തിക്കാൻ പദ്ധതിയൊരുങ്ങുന്നു.സാമൂഹികക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് പുതിയ സാങ്കേതികവിദ്യയിലൂടെ തയ്യാറാക്കിയ “റെഡി റ്റു ഡ്രിങ്ക്” എന്ന രീതിയിൽ “മിൽമ ഡിലൈറ്റ്” എന്ന പേരിൽ പുതിയ പാൽ പാക്കറ്റുകൾ വിതരണത്തിനായി തയ്യാറാകുന്നത്.

സാധാരണ അന്തരീക്ഷോഷ്മാവിൽ 90 ദിവസം വരെ നിലനിൽക്കുന്ന പാലാണ് അടുത്തമാസം മുതൽ വിതരണത്തിനെത്തുക. വിറ്റാമിനടങ്ങിയ മധുരവും പഴങ്ങളുടെ രുചിയുമുള്ള ഊട്ടിയിലെ വിദ്യാലയങ്ങളിൽ നൽകുന്ന പാൽ പാക്കറ്റിന് സമാന രീതിയിലാണ് സംസ്ഥാനത്തെ കലാലയങ്ങളിലേക്കും പാൽ പാക്കറ്റുകളെത്തുക. പാലിനെ 140 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി വിറ്റമിൻ എ, ഡി എന്നിവ ചേർത്ത് പൂർണമായും അണുവിമുക്തമാക്കി അഞ്ച് പാളികളുള്ള പ്രത്യേക പാക്കറ്റിലാക്കിയാണ് എത്തിക്കുക. തണുപ്പിച്ച് സൂക്ഷിക്കേണ്ട എന്നുള്ളതിനാൽ ഏത് മേഖലയിലും ഇത് എപ്പോൾ വേണമെങ്കിലും എത്തിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും അടുത്ത മാസം 15 ഓടെ പാൽ പാക്കറ്റുകളെത്തിത്തുടങ്ങും. അങ്കൺവാടി കുട്ടികൾക്കുള്ള പാൽ വിതരണവും അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും.

ആദ്യഘട്ടം കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിലെ അങ്കൺവാടികളിലേക്ക് മിൽമ നേരിട്ടാണ് പാൽ എത്തിക്കുക. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കായി ഒരു മാസം 35,000 ലിറ്റർ പാലാണ് എത്തിക്കുക. അങ്കൺവാടികളിൽ കുട്ടികൾക്ക് ദിവസവും നൽകാനായി പാലെത്തിക്കും. ഒരു മാസം രണ്ട് തവണയാണ് കുട്ടികൾക്ക് വേണ്ടി പാൽ വിതരണം നടത്തുക. 180 മില്ലിലിറ്റർ പാലാണ് ഒരു പാക്കറ്റിലുണ്ടാകുക. ഒരുപാക്കറ്റിന് 10 രൂപയാണ് നിലവിലെ വില. മിൽമയുടെ മലബാർ മേഖലാ യൂനിയനാണ് പാൽ ഉത്പാദിപ്പിച്ച് നൽകുന്നത്. സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച യു എച്ച് ടി (അൾട്രാ ഹൈ ടെംപറേച്ചർ പ്രൊസസിംഗ്്)സാങ്കേതിക വിദ്യയാണ് പാൽ ഉത്പാദനത്തിനായി സ്വീകരിക്കുന്നത്. മിൽമയുടെ കണ്ണൂർ ശ്രീകണ്ഠാപുരം മലയോര ഡയറിയിൽ നിന്നാണ് ഇത്തരത്തിലുള്ള ലോംഗ് ലൈഫ് പാൽ ഉത്പാദിപ്പിക്കുന്നത്. പൊതുവിപണിയിലേക്കുള്ള പാലിന്റെ ഉത്പാദനം ഇതിനകം ഇവിടെ നിന്ന് തുടങ്ങിക്കഴിഞ്ഞു.

പോഷകാഹാരക്കുറവ് കുട്ടികളുടെ ബുദ്ധിയുടെ അളവിൽ (ഐക്യു) 10 മുതൽ 15 പോയിന്റ്‌വരെ കുറക്കുമെന്ന് വിവിധ പഠനറിപ്പോർട്ടുകൾ പറയുന്നു. 12 മുതൽ 36 മാസത്തിനുള്ളിലെ വളർച്ചാമുരടിപ്പ് കുട്ടികളെ പഠനത്തിൽ പിന്നോട്ടടിപ്പിക്കുന്നതായും സർക്കാർ പഠനം പറയുന്നുണ്ട്. സംസ്ഥാനത്തെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ അഞ്ചിലൊന്നും (18.5 ശതമാനം) തൂക്കക്കുറവും 19.4 ശതമാനം വളർച്ചാമുരടിപ്പും ഉള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പഠനറിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നുണ്ട്. അട്ടപ്പാടി ഉൾപ്പെടെയുള്ളയിടങ്ങളിൽ പോഷകാഹാരക്കുറവുമൂലം കുട്ടികൾ മരിച്ച സംഭവങ്ങളും നിരവധിയുണ്ടായിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലെല്ലാം കുട്ടികൾക്ക് നേരിട്ട് കുടിക്കാൻ കഴിയുന്ന വിധത്തിൽ പാലെത്തിക്കുന്നതിനുള്ള സംവിധാനമാണ് ഇനി ഒരുങ്ങുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest