Connect with us

Ongoing News

കരുത്തരെ നേരിടാൻ കരീബിയൻ പട

Published

|

Last Updated

ലണ്ടൻ: സന്നാഹ മത്സരത്തിലെടുത്ത കരുത്ത് ഇന്ന് കാണിച്ചാൽ കരീബിയൻ താരങ്ങൾക്ക് മനസ്സമാധാനത്തോടെ ഇംഗ്ലണ്ട് വിടാം. അല്ലെങ്കിൽ രണ്ട് തവണ ലോകകപ്പ് കിരീടം ചൂടിയ വെസ്റ്റിൻഡീസിന് നാണംകെട്ട് പുറത്തുപോകേണ്ടിവരും. വിൻഡീസിൽ പ്രൊഫഷനൽ ക്രിക്കറ്റിൽ അരങ്ങ്‌വാഴുന്ന കാലത്ത് നല്ലൊരു പിച്ച് പോലുമില്ലാതിരുന്ന ബംഗ്ലാദേശിനേക്കാൾ പിന്നിലായി ഒതുങ്ങേണ്ടിവരും ഹോൾഡറും കൂട്ടരും.

അഞ്ച് മത്സരങ്ങളിൽ കേവലം ഒരു വിജയം മാത്രം നേടിയ വിൻഡീസ് ഇന്ന് ലോകകപ്പിൽ പരാജയം അറിയാത്ത ന്യൂസിലാൻഡിനോടാണ് മല്ലടിക്കാനുള്ളത്. കൃത്യമായ കണക്കുകൂട്ടലുകളോടെ പിച്ചിൽ ഓരോ നീക്കവും ശ്രദ്ധയോടെ നടത്തുന്ന കിവികളെ നേരിടാൻ ട്വ20 പോലെ ഏകദിനം കളിക്കുന്ന വിൻഡീസിന് ശാരീരിക കരുത്ത് മാത്രം പോരാ. കന്നി കിരീടം ചൂടിയേ ജന്മനാട്ടിലേക്ക് തിരിച്ചുപറക്കൂവെന്ന ഉറച്ച തീരുമാനത്തിൽ ഇംഗ്ലണ്ടിലെത്തിയ കിവികളുടെ ചിറകൊടിക്കാൻ അത്ര എളുപ്പം വിൻഡീസിന് സാധിക്കുകയില്ല.
പാക്കിസ്ഥാനോട് നേടിയ ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയം മാത്രമാണ് ലോകകപ്പിൽ വിൻഡീസിന് ആശ്വസിക്കാനുള്ളത്. എന്നാൽ, ആ വീര്യം ബംഗ്ലാദേശിനും ഇംഗ്ലണ്ടിനും മുന്നിൽ ചോർന്ന് പോയതോടെ വിൻഡീസിന് ഇന്നത്തെ വിജയം അനിവാര്യമായിരിക്കുകയാണ്.

ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവരോടേറ്റ പരാജയത്തോടെ ക്രിക്കറ്റിന്റെ താളം നഷ്ടപ്പെട്ട ടീമായി വെസ്റ്റിൻഡീസ് മാറി. വിജയിക്കാമായിരുന്ന മത്സരങ്ങൾ “ട്വന്റി 20 കളിച്ച്” കളഞ്ഞുകുളിച്ചവരാണ് വെസ്റ്റിൻഡീസ്. നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് വെൻഡീസിന്റെ സ്ഥാനം.

ഇന്നത്തെ കളി ജയിച്ചാൽ സെമി ഫൈനൽ ബർത്ത് സ്വപ്‌നം കാണാനുള്ള അവസരം വിൻഡീസിന് ലഭിച്ചേക്കും. ഇനിയുള്ള നാല് മത്സരങ്ങളിൽ വിജയിച്ചാൽ സെമി സാധ്യത വിൻഡീസിനുണ്ട. അത് മറ്റ് ടീമുകളുടെ ജയപരാജയങ്ങൾ അനുസരിച്ചാകുമെന്ന് മാത്രം.

പോയിന്റ് പട്ടികയിൽ ഒന്നാമതാണെങ്കിലും ന്യൂസിലാൻഡിനോട് ജയിക്കാൻ വിൻഡീസിന് വലിയ പ്രയാസമൊന്നുമില്ല. ലോകകപ്പ് സന്നാഹ മത്സരത്തിൽ കിവികൾക്കെതിരെ 91 റൺസിന്റെ മാസ്മരിക വിജയം കാഴ്ചവെച്ചവരാണ് കരീബിയൻ താരങ്ങൾ. 421 റൺസിന്റെ കൂറ്റൻ സ്‌കോർ അടിച്ചെടുത്ത വിൻഡീസ് 330 റൺസിൽ കിവികളുടെ ചിറക് അരിഞ്ഞുവീഴ്ത്തുകയായിരുന്നു. ബാറ്റിംഗ്, ബോളിംഗ് നിരകൾ നിറഞ്ഞു കളിച്ചതോടെയാണ് ടീമിന് വിജയം നേടാനായത്. ആ കളിയാരവം കാത്ത് സൂക്ഷിച്ചാൽ വിൻഡീസിന് ഇന്ന് വിജയം ഉറപ്പിക്കാനാകും.

അതേസമയം, സന്നാഹത്തിലേറ്റ മാനക്കേട് തിരിച്ചുപിടിക്കാനാണ് ന്യൂസിലാൻഡ് ഇന്നിറങ്ങുന്നത്. ലോകകകപ്പിലെ ഇതുവരെയുള്ള പ്രകടനങ്ങളിൽ നിന്ന് വിൻഡീസിന്റെ ബലഹീനത മനസ്സിലാക്കാൻ ന്യൂസിലാൻഡ് കോച്ചിന് സാധിച്ചിട്ടുണ്ട്. അക്രണോത്സുകമായ കരീബിയൻ ബാറ്റിംഗ് നിരയെ തകർക്കാൻ നിസ്സംശയം ന്യൂസിലാൻഡിന് സാധിച്ചേക്കും.