Connect with us

Editorial

സാജന്റെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നത്

Published

|

Last Updated

സര്‍ക്കാര്‍ ഓഫീസുകളിലെ ചുവപ്പുനാട കുരുക്കിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് വ്യവസായി സാജന്റെ ആത്മഹത്യ. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടതില്‍ മനം നൊന്താണ് സെന്റര്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിന് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എന്‍ജിനീയറിംഗ് വിഭാഗം നിര്‍ദേശിച്ചതായി രേഖകള്‍ കാണിക്കുന്നുണ്ട്. നിര്‍മാണത്തില്‍ അപാകതയുള്ളതായി കാണിച്ച് ചിലര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയും നഗരാസൂത്രണ വിഭാഗവും അടങ്ങുന്ന സംയുക്ത സമിതി കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ പരിശോധനക്കൊടുവില്‍ അപാകതയേതുമില്ലെന്ന് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതാണെന്നും സാജന്റെ കമ്പനിയായ പാര്‍ഥ ബില്‍ഡേഴ്‌സ് പറയുന്നു. എന്നിട്ടും നഗരസഭാ സെക്രട്ടറി അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിച്ച് കാലതാമസം വരുത്തുകയായിരുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. വാഷ് ബെയ്‌സിനുകളുടെ എണ്ണം കുറവാണ് തുടങ്ങി നിസാര കാരണങ്ങളായിരുന്നുവത്രെ തടസ്സവാദങ്ങളായി സെക്രട്ടറി ഫയലില്‍ കുറിച്ചത്. അതേസമയം, അനുമതി നല്‍കുന്നതില്‍ ചട്ടവിരുദ്ധമായ കാലതാമസം ഉണ്ടായിട്ടില്ലെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നുമാണ് നഗരസഭാ അധികൃതരുടെ വിശദീകരണം.

നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ 2016 ജൂണ്‍ എട്ടിന് വിളിച്ചു ചേര്‍ത്ത സെക്രട്ടേറിയറ്റ് ജീവനക്കാരുടെ യോഗത്തില്‍ ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കേണ്ടതിന്റെ അനിവാര്യത മുഖ്യമന്ത്രി പിണറായി വിജയന്‍ ജീവനക്കാരെ ഉണര്‍ത്തിയതാണ്. സാധാരണക്കാരന്റെ ജീവിതമാണ് ഓരോ ഫയലിലുമുള്ളത്. അതില്‍ ഉദ്യോഗസ്ഥര്‍ എഴുതുന്ന കുറിപ്പാകും ചിലരെങ്കിലും ജീവിക്കണോ മരിക്കണോ എന്ന് നിശ്ചയിക്കുന്നതെന്നും പിണറായി ഓര്‍മിപ്പിച്ചു. സാധാരണക്കാര്‍ ഉണ്ടെങ്കിലേ തങ്ങളുള്ളൂവെന്ന ചിന്ത ജീവനക്കാര്‍ക്കുണ്ടാകണം. ഫയലുകള്‍ അനാവശ്യമായി താമസിപ്പിച്ചാല്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥ സംഘടനകളുടെ യോഗങ്ങളിലും അദ്ദേഹം ഇടക്കിടെ ആവര്‍ത്തിക്കാറുമുണ്ട്.

എന്നിട്ടും സെക്രട്ടേറിയറ്റിലും ഇതര സര്‍ക്കാര്‍ ഓഫീസുകളിലും പതിനായിരക്കണക്കിന് ഫയലുകള്‍ ചുവപ്പുനാടകള്‍ക്കുള്ളില്‍ കുരുങ്ങിക്കിടക്കുകയാണ്. 1,08,917 ഫയലുകളാണ് മെയ് ഒന്ന് വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയറ്റില്‍ തീര്‍പ്പാക്കാനുള്ളത്. ഇതില്‍ 29,098 എണ്ണം മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്.

സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന, വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങുന്ന പലരുടെയും അവസ്ഥ ഏറെക്കുറെ സാജന്‍ അനുഭവിച്ചതിനു തുല്യമാണ്. ചുവപ്പുനാടകളുടെ പ്രശ്‌നം കേരളത്തില്‍ കൂടുതലാണെന്നും വ്യവസായം നടത്താന്‍ വരുന്നവനോട് എന്തോ അപഹരിക്കാന്‍ വരുന്നവനോടുള്ള സമീപനമാണ് ഉദ്യോഗസ്ഥര്‍ പൊതുവെ സ്വീകരിക്കുന്നതെന്നും ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പ്രമുഖ വ്യവസായിയും യു എ ഇ-ഇന്ത്യ ബിസിനസ് ലീഡേഴ്‌സ് ഫോറം പ്രസിഡന്റുമായ ആസാദ് മൂപ്പന്‍ പറയാനിടയായത് ഇത്തരുണത്തില്‍ സ്മരണീയമാണ്. സംസ്ഥാന രൂപവത്കരണത്തിന്റെ ആദ്യത്തെ 30 വര്‍ഷങ്ങളില്‍ വ്യാവസായികമായി ഏറെ മുന്നേറ്റം കൈവരിച്ച കേരളം പിന്നീട് ഈ രംഗത്ത് പിന്നോട്ടടിച്ചതില്‍ ഈ ഉദ്യോഗസ്ഥ മനോഭാവത്തിനു പങ്കുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ചട്ടവിരുദ്ധമായ കാലതാമസം വരുത്തുകയും വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവരെ ജീവനക്കാര്‍ വട്ടം കറക്കുകയുമാണ് ഉദ്യോഗസ്ഥരില്‍ ഗണ്യമായ വിഭാഗവും. സ്വാതന്ത്ര്യത്തിന് മുമ്പത്തെ കൊളോണിയല്‍ ഫയല്‍ നോട്ട രീതിയാണ് ഇന്നും നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏറെക്കുറെ നിലനില്‍ക്കുന്നത്. ജനങ്ങളുടെ ആവശ്യം എങ്ങനെ തടയാന്‍ കഴിയുമെന്ന നെഗറ്റീവ് ചിന്തയായിരുന്നു കൊളോണിയല്‍ സംവിധാനത്തിലെ രീതി. തിരുവനന്തപുരത്ത് ഉമ്മാശ്ശേരി മാധവന്‍ ചാരിറ്റി പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കവെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഈ ഉദ്യോഗസ്ഥ സമീപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നതെന്നും എല്ലാ വകുപ്പിലും കെടുകാര്യസ്ഥത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും കാര്യമായ മാറ്റമുണ്ടായില്ലെന്നും വി എസ് പറയുന്നു.

സേവനാവകാശ നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലും പൊതുജന സമ്പര്‍ക്ക പരിപാടികളിലും ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട മര്യാദകള്‍ ഈ നിയമത്തില്‍ വിശദമായി പറയുന്നുണ്ട്. പൊതു സ്ഥാപനങ്ങളില്‍ നിന്ന് ഒരു സേവനം ലഭിക്കാന്‍ അര്‍ഹതപ്പെട്ട വ്യക്തിക്ക് നിശ്ചിത സമയ പരിധിക്കുള്ളില്‍ അത് ലഭ്യമാക്കുകയാണ് സേവനാവകാശമെന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കര്‍ത്തവ്യങ്ങളാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ കൈകാര്യം ചെയ്യുന്നത്. അതിന്റെ നിര്‍വഹണ ചുമതലക്ക് നിയോഗിക്കപ്പെട്ടവരാണ് ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയല്ല, ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സംവിധാനത്തിനു വേണ്ടിയാണ്. നിശ്ചിത സമയത്തിനുമപ്പുറം ഒരു ഫയലും ഒരു മേശപ്പുറത്തും കിടക്കാന്‍ ഇടവരരുത്. ജനസേവകരായി, കര്‍മ നിരതരായി സേവനം പ്രതീക്ഷിച്ചു വരുന്നവരോട് സൗഹൃദ മനോഭാവത്തോടെ പെരുമാറാന്‍ ജീവനക്കാര്‍ക്കാകണം. അത്തരമൊരു സംസ്‌കാരം ഉദ്യോഗസ്ഥ തലത്തില്‍ വളര്‍ന്നു വരേണ്ടതുണ്ട്.

Latest