കാലിക്കറ്റ് സര്‍വ്വകലാശാല അക്കാഡമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; എസ് എഫ് ഐക്ക് ഉജ്ജ്വല ജയം

Posted on: June 21, 2019 5:47 pm | Last updated: June 21, 2019 at 5:47 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല അക്കാഡമിക് കൗണ്‍സിലിലേക്ക് നടന്ന വിദ്യാര്‍ഥി പ്രതിനിധി തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് മികച്ച വിജയം. ഒമ്പതില്‍ എട്ട് എസ് എഫ് ഐക്ക് ലഭിച്ചപ്പോള്‍ എം എസ് എഫിന് ഒന്ന് ലഭിച്ചു. കെ എസ് യുവിന് ഒന്നും നേടാനായില്ല.

ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റിയില്‍ നിന്നും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ കെ പി ഐശ്വര്യ വിജയിച്ചു. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ കലിക്കറ്റ് സര്‍വ്വകലാശാല ഫിലോസഫി പഠന വിഭാഗത്തിലെ എം ടി മുഹമ്മത് ഈഷാദ് തിരഞ്ഞെടുക്കപ്പെട്ടു. കല്‍പ്പറ്റ ഗവ. എന്‍ എം എസ ്എം കോളേജിലെ കെ സുബിനാണ് ജേര്‍ണലിസം ഫാക്കല്‍റ്റി പ്രതിനിധി.

പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ എം എം അര്‍ജ്ജുന്‍ മോഹനാണ് കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഫാക്കല്‍റ്റിയില്‍ നിന്നും വിജയിച്ചത്. ലോ ഫാക്കല്‍റ്റി പ്രതിനിധിയായി തൃശൂര്‍ ഗവ. ലോ കോളജിലെ കെ ആര്‍ അരുണശ്രീ തിരഞ്ഞെടുക്കപ്പെട്ടു. മെഡിസിന്‍ ഫാക്കല്‍റ്റിയില്‍ നിന്നും ഹെല്‍ത്ത് സയന്‍സ് പഠന വിഭാഗത്തിലെ ഫുഡ് സയന്‍സ് വിദ്യാര്‍ഥി കെ ലാല്‍ജിത്ത് വിജയിച്ചു.

കലിക്കറ്റ് സര്‍വ്വകലാശാല ലൈഫ് സയന്‍സ് പഠന വിഭാഗത്തിലെ എം ബി ശ്രീലക്ഷ്മിയാണ് സയന്‍സ് ഫാക്കല്‍റ്റിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. ഫൈന്‍ ആര്‍ട്‌സില്‍ നിന്നും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ടി എം സുരേഷ് വിജയിച്ചു.

ഫിസിക്കല്‍ എജ്യുക്കേഷന്‍ ഫാക്കല്‍റ്റിയാണ് എം എസ് എഫിന് ലഭിച്ചത്. കലിക്കറ്റ് സര്‍വ്വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ മുഹമ്മത് ഖലീലാണ് ജയിച്ച എം എസ് എഫുകാരന്‍.

വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ പ്രകടനം നടത്തി.