പ്രണയ വിവാഹം രജിസ്റ്റര്‍ ചെയ്ത് മടങ്ങവെ നവവരന്‍ വാഹനാപകടത്തില്‍ മരിച്ചു

Posted on: June 21, 2019 1:23 pm | Last updated: June 21, 2019 at 1:23 pm

പാലക്കാട്: വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ നവവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. കല്ലടിക്കോട് കാഞ്ഞിരാനി മണിയംപാടം രാമകൃഷ്ണന്റേയും ശശികലയുടേയും മകന്‍ സൈനികനായ വി ആര്‍ രാജീവ് (26) ആണു മരിച്ചത്. ഭാര്യക്ക് മുന്നിലാണ് രാജീവിന്റെ മരണം സംഭവിച്ചത്.

അസാമിലെ ടെസ്പൂര്‍ സ്വദേശിനിയായ ധന്‍ദാസിന്റെ മകള്‍ പ്രിയങ്കാദാസുമായി കഴിഞ്ഞ ജൂണ്‍ ഒന്‍പതിനായിരുന്നു രാജീവിന്റെ വിവാഹം. കരിമ്പ പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങുകയായിരുന്നു. അവധി കഴിഞ്ഞ് ഇന്ന് തിരികെ ജോലി സ്ഥലത്തേക്ക് പോകാനിരിക്കെയായിരുന്നു അപകടം. ദേശീയപാത തുപ്പനാട് പാലത്തിനു സമീപത്ത് വച്ച് രാജീവ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു പിക്കപ് വാനില്‍ ഇടിക്കുകയായിരുന്നു.

രാജീവ് മാത്രമായിരുന്നു ബൈക്കിലുണ്ടായിരുന്നത്. ബൈക്കിന് പിന്നാലെ ഓട്ടോയിലാണ് ഭാര്യയും അച്ഛനും വന്നത്. പരുക്കേറ്റു കിടന്ന രാജീവിനെ അതേ ഓട്ടോയില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അസാമില്‍ തുടങ്ങിയ പ്രണയം ഏറെ എതിര്‍പ്പുകള്‍ക്കൊടുവിലാണ് വിവാഹത്തിലെത്തിയത്. ജമ്മു കാശ്മീരിലേക്ക് സ്ഥലംമാറ്റം ലഭിച്ച രാജീവ് ഇന്ന് മടങ്ങാനിരിക്കുകയായിരുന്നു.