Connect with us

Articles

ഇ വായനയും ഇയര്‍ വായനയും

Published

|

Last Updated

വായനയെ കുറിച്ചാണ്. വായില്‍ നോക്കാതെ വായിക്കെടോ എന്ന് പണ്ട് മാഷ് പറഞ്ഞിരുന്നു. പാഠപുസ്തകം നന്നായി വായിക്കുന്നവനാണ് അന്ന് നല്ല വായനക്കാരന്‍. പാഠപുസ്തകത്തോടൊപ്പം അന്ന് അപൂര്‍വമായി കിട്ടിയിരുന്നു, ലൈബ്രറി പുസ്തകങ്ങള്‍. വായനാ ദിനമൊന്നുമില്ല. മാഷ് ഓണപ്പരീക്ഷ കഴിഞ്ഞ് കൊണ്ടു വരുന്ന ലൈബ്രറി പുസ്തകങ്ങള്‍. ദിനപത്രത്തില്‍ പൊതിഞ്ഞു നമ്മുടെ മുമ്പിലെത്തുന്ന അക്ഷരക്കൂട്ടങ്ങള്‍. ചുവന്ന മഷിയില്‍ നമ്പര്‍. സ്‌കൂള്‍ സീലുണ്ടെങ്കിലായി.

തിരഞ്ഞെടുക്കാനൊന്നും അവസരമില്ല. മാഷ് തരുന്നത് വായിക്കുക. വായിച്ചു വളര്‍ന്നാലോ, വളഞ്ഞാലോ കുഴപ്പമില്ല എന്ന മട്ടാണ്. പരീക്ഷ കഴിഞ്ഞ് ഈ പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ ഒന്നേയുള്ളൂ കാരണം. തുടക്കത്തില്‍ തന്നെ ഇതൊക്കെ വായിച്ചാല്‍ പഠനം കുളമാകും! പുസ്തകം തന്നാല്‍ മാഷും നമ്മളും മറക്കും. സ്‌കൂള്‍ പൂട്ടാനാകുമ്പോള്‍ മാഷ് പറയും. ലൈബ്രറി പുസ്തകം തിരിച്ചു തരണം, വേഗം തന്നെ.

ഇന്ന് വിദ്യാലയങ്ങളില്‍ വാരാചരണമാണ്. സര്‍ക്കാറും ഒപ്പമുണ്ട്. അലമാരകള്‍, പുതിയ പുസ്തകങ്ങള്‍. ഓരോ ക്ലാസിലുമുണ്ട് ലൈബ്രറി. സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ ലൈബ്രറി പുസ്തകം കൊടുത്താലും കുഴപ്പമില്ല. പാഠപുസ്തകത്തില്‍ ഏറെയൊന്നുമില്ല എന്നാണ്. പഠനത്തെ സഹായിക്കാനാണ് ഇത്തരം പുസ്തകങ്ങള്‍. ഏറ്റവും കൂടുതല്‍ വായിക്കുന്നവനാണ് ഇന്നത്തെ നല്ല കുട്ടി.

വായനാ ദിനം, വായനക്കുറിപ്പ്, അമ്മ വായന, വായനക്കാര്‍ഡ്, വായന മത്സരം, വായനക്കൂട്ടം, വായനക്കളികള്‍, വായനാ ക്ലബ്, വായനാ ക്വിസ്. വായനയുമായി ബന്ധപ്പെട്ട് എത്രയെത്ര വാക്കുകള്‍. ഇ വായനയുണ്ട്. ഇ റീഡറില്‍ ആയിരത്തിലധികം പുസ്തകങ്ങള്‍. ഒരു ലൈബ്രറി തന്നെ. ഇ വായനയിലുമുണ്ട് ഇന്ന് ആളുകള്‍. ഓഡിയോ ബുക്കുകളുമുണ്ട്. വായിക്കുന്നത് കേള്‍ക്കാം. കേള്‍പ്പിച്ചു തരികയാണ്. ഇതിന് ഇയര്‍ വായന എന്നു പറയാം. ഇനി വായനയോട്ടം, വായനാ ഫെസ്റ്റ്, വായനാ പാര്‍ക്ക് എന്നിവയും വന്നേക്കാം.

എന്നിട്ടും ചിലര്‍ പറയുകയാണ്. വായന മരിക്കുന്നു എന്ന്. മരിച്ചാല്‍ റീത്ത് വെക്കേണ്ടി വരുമോ? ഇക്കാലത്ത് ഒരു വീട്ടില്‍ നാല് പാര്‍ട്ടിക്കാര്‍ ഉണ്ടെങ്കില്‍ നാല് റീത്ത് ഉറപ്പാണ്. മരണത്തെ കുറിച്ചും അന്ത്യചടങ്ങുകളെ കുറിച്ചും സുഗതകുമാരി ടീച്ചര്‍ ഈയ്യിടെ പറഞ്ഞിട്ടുണ്ട്. ചടങ്ങുകള്‍ അധികം വേണ്ടെന്നാണ്. ഓര്‍മക്കായി ആല്‍മരം നടണമെന്നാണ്. ശവപ്പൂക്കള്‍ വേണ്ടെന്ന്. എന്നു വെച്ചാല്‍ റീത്ത് വേണ്ടെന്ന്.

നാട്ടിന്‍പുറത്ത് പണ്ടൊക്കെ റീത്ത് കെട്ടാന്‍ വല്ലാതെ പ്രയാസപ്പെട്ടിരുന്നു. രാത്രി വൈകിയാണ് മരണമെങ്കില്‍ പ്രത്യേകിച്ചും. വൈക്കോലും പേപ്പറും നാടന്‍ പൂക്കളും. ഒന്ന് വളച്ചാല്‍ റീത്തായി. കുറെ മുമ്പാണ്. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ മരിച്ചു.

അര്‍ധരാത്രി. റീത്ത് നിര്‍ബന്ധമാണ്. നേതാവ് പറഞ്ഞു. എവിടുന്നെല്ലാമോ വൈക്കോലും പൂക്കളും ഇലകളും കിട്ടി. റീത്ത് കെട്ടി അടുത്തുള്ള പശുത്തൊഴുത്തില്‍ വെച്ചു. സമയമെത്തുമ്പോള്‍ എടുത്താല്‍ മതിയല്ലോ.

ഇതാ, സംസ്‌കാരച്ചടങ്ങുകള്‍ക്ക് സമയമായി. റീത്തെടുക്കൂ, നേതാവ് പറഞ്ഞു. റീത്തെടുക്കാന്‍ പോയ അനുയായി വരുന്നില്ല. മറ്റൊരാളെ വിട്ടു. അയാള്‍ തിരിച്ചു വന്ന് സത്യം പറഞ്ഞു. റീത്ത് പശു തിന്നു!

ഇപ്പോള്‍ റീത്ത് അടുത്ത കടയില്‍ കിട്ടും. ചെറുതും വലുതുമുണ്ട്. എ പി എല്‍, ബി പി എല്‍. തരം നോക്കി വാങ്ങാം.

നമുക്ക് വായനയിലേക്ക് വരാം. ശരിക്കും വായന മരിക്കുമോ? ഇ വായന മരിക്കുമോ? ഇയര്‍ വായന..?

Latest