Connect with us

National

യു പി സെക്രട്ടേറിയറ്റിലും അനുബന്ധ ഓഫീസുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശ് വിധാന്‍ സൗധയിലും സെക്രട്ടേറിയറ്റ് അനുബന്ധ കെട്ടിടങ്ങളിലും സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണംകൊണ്ടുവന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇനി മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റിലും അനുബന്ധ ഓഫീസുകളിലും എത്തുന്ന പൊതുജനങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. പുറത്ത് നിന്നുള്ളവര്‍ അനുമതിയില്ലാതെ ഓഫീസുകളിലേക്ക് പ്രവേശിക്കാനും പാടില്ല.

സുരക്ഷാ നടപടികളുടെ ഭാഗമായാണ് നിയന്ത്രണമെന്നാണ് ഔദ്യോഗിക വിശദീകരണം. സൈബര്‍ ഹാക്കിംഗ് ഉള്‍പ്പടെയുള്ള ഭീഷണികളെ അതിജീവിക്കാനാണ് മൊബൈല്‍ ഫോണ്‍ നിരോധിച്ചിരിക്കുന്നത്.എന്നാല്‍ സര്‍ക്കാറിന്റെ കര്‍ശന നിയന്ത്രണത്തില്‍ പൊതുജനം വലയുമെന്ന കാര്യം ഉറപ്പാണ്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ കയറിയിറങ്ങുന്നവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി ഒന്ന് ഫോണ്‍ ചെയ്യണമെങ്കിലും പുറത്തുപോകേണ്ടി വരും.

യു പി സെക്രട്ടേറിയറ്റായ വിധാന്‍ ഭവനും തൊട്ടടുത്തുള്ള എല്ലാ ഓഫീസുകള്‍ക്കും സുരക്ഷ കൂട്ടണമെന്നും ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. എല്ലാ ഓഫീസുകള്‍ക്കും സുരക്ഷാ പരിശോധനയും ഏര്‍പ്പെടുത്തി. എല്ലാ ഓഫീസുകളും ശുചിയോടെ സൂക്ഷിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

ഭരണ ഓഫീസുകളില്‍ ഓഫീസര്‍മാര്‍ക്കും സ്റ്റാഫുകള്‍ക്കും മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും ഉത്തരവിലുണ്ട്. സെക്രട്ടേറിയറ്റ് അധികൃതരുമായി നടത്തിയ വിലയിരുത്തല്‍ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന ഒരു യോഗങ്ങളിലും, ക്യാബിനറ്റ് യോഗത്തിലുള്‍പ്പടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസിരാകേന്ദ്രങ്ങളിലും മൊബൈല്‍ നിരോധനം നടപ്പാക്കിയത്.

 

Latest