ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: June 20, 2019 7:54 pm | Last updated: June 20, 2019 at 11:33 pm

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മുനിസിപ്പല്‍ സെക്രട്ടറി ഗിരീഷ്, അസി. എന്‍ജിനീയര്‍ കലേഷ്, ഓവര്‍സീയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇരുവടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി തദ്ദേശമന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

അതിനിടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തലിനുള്ള അതൃപ്തി മന്ത്രി പരസ്യമായി വെളിപ്പെടുത്തി. സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മൊയ്ദീന്‍ പറഞ്ഞു. മൂന്ന് നഗരസഭാ ഉദ്യോഗസ്ഥരെ സസ്‌പെന്റെ ചെയ്തതായി എം വി ജയരാജന്‍ നേരത്തെ പറഞ്ഞത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് എ സി മൊയ്ദീന്‍ ഇങ്ങനെ പ്രതികരിച്ചത്. മൂന്നു പേരെയല്ല നാല് പേരെയാണ് സസ്‌പെന്റ് ചെയ്തതെന്നും എം വി ജയരാജന്‍ എന്താണ് പറഞ്ഞതെന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.

ഇത് ഒറ്റപ്പെട്ട സംഭവമാണ്. ആന്തൂര്‍ നഗരസഭ ഭരണ സമിതി അംഗങ്ങള്‍ ഏതെങ്കിലും തലത്തില്‍ ഇടപ്പെട്ടിട്ടുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മാത്രമല്ല പി കെ ശ്യാമളയെ വര്‍ഷങ്ങളായി അറിയാം. അവര്‍ക്കെതിരെ എന്തെങ്കിലും പരാതികള്‍ ഉള്ളതായി തനിക്കറിയില്ല . രാഷ്ടീയക്കാര്‍ ഭീഷണിപ്പെടുത്തിയെങ്കില്‍ തെളിവുകള്‍ സാജന്റെ ബന്ധുക്കള്‍ക്ക് പോലീസിന് നല്‍കാമെന്നും മന്ത്രി പറഞ്ഞു.

സാജന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങലെല്ലാം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ പോലീസ് അന്വേഷിക്കണം. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു.