കസ്റ്റഡി മരണക്കേസ്: ഗുജറാത്ത് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന് ജീവപര്യന്തം

Posted on: June 20, 2019 3:33 pm | Last updated: June 20, 2019 at 8:55 pm

ജാംനഗര്‍: കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുജറാത്തിലെ മുന്‍ ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനും പോലീസുദ്യോഗസ്ഥന്‍ പ്രവീണ്‍ സിംഗ് ഝാലക്കും ജീവപര്യന്തം. ജാംനഗര്‍ സെഷന്‍സ് കോടതി ജഡ്ജി ഡി എന്‍ വ്യാസിന്റെതാണ് വിധി. കേസില്‍ പ്രതികളായ മറ്റ് ആറ് പോലീസുകാര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. ഗുജറാത്ത് കേഡറിലെ 1988 ബാച്ച് ഓഫീസറാണ് സഞ്ജീവ് ഭട്ട്.

രഥയാത്രയുമായി ബന്ധപ്പെട്ട് എല്‍ കെ അദ്വാനിയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ബി ജെ പി പ്രവര്‍ത്തകരിലൊരാളായ പ്രഭുദാസ് വൈഷ്‌നാനിയാണ് മരിച്ചത്. 1990ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ ജില്ലയിലെ അഡീഷണല്‍ പോലീസ് സൂപ്രണ്ടായി നിയമിതനായ കാലത്താണ് സംഭവം നടന്നത്. വൈഷ്‌നാനി മോചിതനായ ശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെങ്കിലും കസ്റ്റഡിയില്‍ പോലീസ് മര്‍ദനത്തിലേറ്റ പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് കേസ് റെക്കോഡില്‍ പറയുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടല്ല ഇയാളുടെ മരണമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഭട്ടിനെതിരെ കള്ളക്കേസാണ് ചുമത്തിയിരിക്കുന്നതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യയുള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു.

2002ല്‍ സംസ്ഥാനത്ത് 1200 പേര്‍ കൊല്ലപ്പെടാനിടയായ കലാപക്കേസില്‍ ഹിന്ദുക്കള്‍ക്കെതിരായ നടപടികള്‍ മന്ദീഭവിപ്പിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി പോലീസിനോട് ആവശ്യപ്പെട്ടതായി കോടതിയില്‍ ആരോപിച്ചതിനെ തുടര്‍ന്ന് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നിട്ടും ആരോപണത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. 2015ല്‍ അനുമതിയില്ലാതെ അവധിയെടുത്തതിന് ഭട്ടിനെ ജോലിയില്‍ നിന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ടു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ അജന്‍ഡകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് സഞ്ജീവ് ഭട്ട് എന്ന് ബി ജെ പി ആരോപിച്ചിരുന്നു. 2102ല്‍ ഭട്ടിന്റെ ഭാര്യ കോണ്‍ഗ്രസ് ടിക്കറ്റില്‍ മോദിക്കെതിരെ മത്സരിക്കുകയും ചെയ്തു.

ആറു മാസം മുമ്പാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. വിചാരണ നടക്കുന്ന കാലത്ത് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നില്ല. കേസില്‍ 11 സാക്ഷികളെക്കൂടി വിസ്തരിക്കണമെന്ന സഞ്ജീവ് ഭട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി നിരസിക്കുകയായിരുന്നു. കേസ് വൈകിപ്പിക്കാനുള്ള ശ്രമമാണ് ഭട്ട് നടത്തുന്നതെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് രംഗത്തു വരികയും ചെയ്തിരുന്നു. 30 വര്‍ഷത്തോളം പഴക്കമുള്ള കസ്റ്റഡി മരണ കേസില്‍ ഈ വര്‍ഷം ജൂണ്‍ 20നു മുമ്പ് വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.