Connect with us

Editorial

രാഷ്ട്രീയ ക്രിമിനലുകള്‍ക്ക് കടിഞ്ഞാണ്‍

Published

|

Last Updated

പാര്‍ട്ടിയിലെ ക്രിമിനല്‍ സംഘങ്ങളെ നിലക്കു നിര്‍ത്താനുള്ള സി പി എം നീക്കം സ്വാഗതാര്‍ഹമാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗമാണ് പാര്‍ട്ടിക്ക് ദുഷ്‌പേര് സൃഷ്ടിക്കുന്ന തരത്തില്‍ വളര്‍ന്നു വരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രീയ എതിരാളികളെയും പ്രതിയോഗികളെയും നേരിടാനായി വളര്‍ത്തിയെടുത്ത സായുധ സംഘങ്ങള്‍ തങ്ങളുടെ കായിക ശക്തിയും ആയുധ ബലവും സ്വന്തം സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും അത് പാര്‍ട്ടിയെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലേക്ക് വളരുകയും ചെയ്തപ്പോഴാണ് അവരെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതരായിരിക്കുന്നത്.

സംസ്ഥാനത്ത്, വിശിഷ്യാ കണ്ണൂരില്‍ സി പി എം, ബി ജെ പി, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങി മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ട് കായിക, ആയുധ പരിശീലനം സിദ്ധിച്ച “സൈനിക” വിഭാഗം. കൊലപാതകം, ബോംബ് നിര്‍മാണമുള്‍പ്പെടെ നാടിന്റെ സമാധാനത്തിനും സ്വസ്ഥതക്കും ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തി വരുന്നത്. സംസ്ഥാനത്തുടനീളം നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ ഇത്തരം സംഘങ്ങളാണ്. “പാര്‍ട്ടി സൈന്യ”മായതിനാല്‍ നിയമത്തിന്റെ പിടിയില്‍ പെടാതെ നേതൃത്വം അവരെ സംരക്ഷിച്ചു വരുന്നു. അതേസമയം, ഈ സംഘങ്ങള്‍ സാമ്പത്തിക നേട്ടത്തിനായി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയും ബ്ലേഡ് കമ്പനികള്‍ക്കും വ്യാജമദ്യ ലോബിക്കും വേണ്ടി പ്രവര്‍ത്തിക്കുകയും സംസ്ഥാനത്തിന്റെ അതിരുകള്‍ ഭേദിച്ച് രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തലശ്ശേരിയിലെ രാഷ്ട്രീയ ബന്ധമുള്ള ഒരു ക്വട്ടേഷന്‍ സംഘമായിരുന്നു ഇതിനിടെ ബംഗളൂരുവില്‍ ഒരു അക്രമ കേസില്‍ പിടിയിലായത.് മുഖ്യമന്ത്രിയുടെ സ്വന്തം ആളാണെന്നു പരിചയപ്പെടുത്തി കൊച്ചിയിലെ വ്യവസായിയായ യുവതിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത് ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രാദേശിക നേതാവായിരുന്നു.

കര്‍ണാടകയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയ സംഘത്തിലും കണ്ണൂരില്‍ ഒരു കോടിയോളം രൂപയുടെ കുഴല്‍ പണം തട്ടിയെടുത്ത കേസിലും തലശ്ശേരിയില്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി 1.5 കോടി രൂപ കവര്‍ന്ന സംഭവത്തിലും കേന്ദ്ര ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ബംഗളൂരുവിലും മൈസൂരിലും മറ്റും ഇത്തരം ഗുണ്ടകള്‍ക്ക് ഒളിത്താവളങ്ങള്‍ പോലുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാഷ്ട്രീയ ഗുണ്ടകള്‍ അധികൃതരെ വെട്ടിച്ചു നേരെ എത്തിച്ചേരുന്നത് ഇത്തരം ഒളിത്താവളങ്ങളിലാണ്.

ക്രിമിനലുകള്‍ക്കു വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുന്നതിനു പുറമെ കവര്‍ച്ച, ഹവാല, ഹവാല പണവുമായി വരുന്നവരുടെ വാഹനം തടഞ്ഞു നിര്‍ത്തി പണം തട്ടല്‍, ബ്ലേഡ് ഇടപാട്, സ്വര്‍ണക്കടത്ത് തുടങ്ങിയവയിലും ഏര്‍പ്പെട്ടു വരുന്നുണ്ട് ഇവര്‍. കര്‍ണാടക, കോഴിക്കോട് ഭാഗങ്ങളില്‍ നിന്ന് എത്തുന്ന പണം വഴിതിരിച്ചുവിട്ട് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലെത്തിച്ച് തട്ടുകയാണത്രെ ഇവരുടെ പതിവ്. കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി ഗുണ്ടാ സംഘത്തിന്റെ ഇത്തരത്തിലുള്ള ആക്രമണത്തെ കുറിച്ച് സി പി എം സംസ്ഥാന നേതൃത്വത്തിനു ലഭിച്ച കത്തിനെ തുടര്‍ന്നാണ് അവരെ നിലക്കു നിര്‍ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതെന്നാണ് വിവരം. ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിനു മാത്രമല്ല, സാംസ്‌കാരിക രംഗത്തിനും ഭീഷണിയായി മാറിയിട്ടുണ്ട്. കലാലയങ്ങള്‍ക്ക് ചുറ്റുവട്ടത്തുള്‍പ്പെടെ ലഹരി എത്തിച്ചു കൊടുക്കുന്ന സംഘങ്ങളില്‍ ഈ രാഷ്ട്രീയ ക്രിമിനലുകളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തില്‍ ഏര്‍പ്പെടുത്തുന്നവരില്‍ നല്ലൊരു പങ്കും രാഷ്ട്രീയ പാര്‍ട്ടികള്‍ വളര്‍ത്തിയെടുത്ത ക്രിമിനലുകളാണ്.

ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടിക്ക് ഒരു ബന്ധവും പാടില്ലെന്ന് എല്ലാ കക്ഷികളും തീരുമാനമെടുക്കാറുണ്ട്. എന്നാല്‍ സ്വന്തം കാര്യലാഭത്തിനായി അവര്‍ ക്രിമിനലുകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും സമീപിക്കുകയും പാര്‍ട്ടിക്കാര്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ അവരെ സംരക്ഷിക്കുകയും ചെയ്യും. രാഷ്ട്രീയം ബിസിനസായി മാറിയ നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടികള്‍ക്ക് ഗുണ്ടകളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും സഹായവും പിന്തുണയും അനിവാര്യമായി മാറിയിരിക്കുന്നു. നിയമ വ്യവസ്ഥയെ ഭയപ്പെടാതെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും അവസരവുമാണ് ഇത്തരം സഹായങ്ങള്‍ക്ക് പ്രതിഫലമായി രാഷ്ട്രീയക്കാരില്‍ നിന്ന് ഗുണ്ടാ സംഘങ്ങള്‍ക്ക് ലഭിക്കുന്നത്.

2012ല്‍ ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെയും ഗുണ്ടകളുടെയും പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. ഇവരില്‍ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് തെളിഞ്ഞവരെ ജയിലിലടക്കുമെന്ന പ്രഖ്യാപനവുമുണ്ടായി. 2060 പേരായിരുന്നു പോലീസ് തയ്യാറാക്കിയ പട്ടികയിലുണ്ടായിരുന്നത്. അന്നത്തെ ഇന്റലിജന്‍സ് കണക്ക് പ്രകാരം അവരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെ വരും. എന്നാല്‍ പോലീസ് തയ്യാറാക്കിയ പട്ടികയില്‍ നിന്ന് അഴിക്കുള്ളിലായവര്‍ വിരലിലെണ്ണാന്‍ പോലുമില്ല. പിടിക്കപ്പെട്ടവര്‍ തന്നെ ജാമ്യത്തിലിറങ്ങി വീണ്ടും ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഗുണ്ടകളെ നിയന്ത്രിക്കാനുള്ള സി പി എം ജില്ലാ കമ്മിറ്റിയുടെ തീരുമാനം ഇത്തരത്തിലാകാതിരിക്കട്ടെ.

Latest