ടാഗോറിന്റെ കവിത ജിബ്രാന്റെതാക്കി; ട്രോള്‍ മഴയില്‍ കുളിച്ച് ഇമ്രാന്‍

Posted on: June 19, 2019 6:31 pm | Last updated: June 19, 2019 at 9:10 pm

ഇസ്‌ലാമാബാദ്: ഖലീല്‍ ജിബ്രാന്റെതെന്നു കരുതി പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത് രബീന്ദ്രനാഥ ടാഗോറിന്റെ കവിത. ഇമ്രാന്റെ ട്വീറ്റിനു കീഴെ അദ്ദേഹത്തിന്റെ അറിവിനെ പരിഹസിക്കുന്ന ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണിപ്പോള്‍.

ടാഗോറിന്റെ വരികള്‍ ലബനീസ് കവി ജിബ്രാന്റെ ചിത്രത്തിനൊപ്പം വച്ചായിരുന്നു ഇമ്രാന്റെ ട്വീറ്റ്. സംതൃപ്ത ജീവിതം നയിക്കുന്നതിന് ആവശ്യമായ കാര്യങ്ങളെ കുറിച്ചുള്ള കുറിപ്പിലായിരുന്നു അബദ്ധം സംഭവിച്ചത്. ഞാന്‍ ഉറങ്ങുമ്പോള്‍ സ്വപ്‌നം കണ്ടു, ജീവിതം മുഴുവന്‍ സന്തോഷമാണെന്ന്….. ഞാന്‍ എഴുന്നേറ്റു കണ്ടു, ജീവിതം മുഴുവന്‍ സേവനമാണെന്ന് എന്ന ടാഗോറിന്റെ വരികളാണ് ജിബ്രാന്റെതെന്ന് തെറ്റിദ്ധരിച്ച് പാക് പ്രധാന മന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.