Connect with us

Kerala

പോലീസുകാരിയെ തീക്കൊളുത്തി കൊന്ന പോലീസ് ഓഫീസറും മരിച്ചു; പ്രതി അജാസിന്റെ മരണം ചികിത്സയിലിരിക്കെ

Published

|

Last Updated

ആലപ്പുഴ: വള്ളിക്കുന്നത്ത് പോലീസുദ്യോഗസ്ഥയായ സൗമ്യ പുഷ്പാകരനെ തീക്കൊളുത്തി കൊന്ന കേസിലെ പ്രതി എറണാകുളം കാക്കനാട് സൗത്ത് വാഴക്കാല സ്വദേശി അജാസ് (33) മരിച്ചു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് 31കാരിയായ സൗമ്യയെ അജാസ് വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഇതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആലുവ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് ഇയാള്‍.

നാലു ദിവസമായി ആശുപത്രിയില്‍ കഴിയുന്ന അജാസിന്റെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ഡയാലിസിസിന് വിധേയനായി വരുന്നതിനിടെ ബുധനാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പി എസ് സി പരീക്ഷ എഴുതിയ ശേഷം തഴവ സ്‌കൂളില്‍ നിന്ന് സ്‌കൂട്ടറില്‍ മടങ്ങവെയായിരുന്നു അജാസിന്റെ ആക്രമണം.

കാറിലെത്തിയ അജാസ് സൗമ്യയെ പിന്നില്‍ നിന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെ സൗമ്യയെ പിന്നാലെ ഓടിയെത്തിയ അജാസ് വടിവാള്‍ കൊണ്ട് കഴുത്തിലും തലയുടെ പിന്‍ഭാഗത്തുമായി വെട്ടുകയും ശേഷം പെട്രോളൊഴിച്ച് തീക്കൊളുത്തുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സൗമ്യ മരിക്കുകയും അജാസിന് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

അജാസിന്റെ മൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയപ്പോഴാണ് വിവാഹാഭ്യര്‍ഥന നിരസിച്ചതിനാലാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്നു വ്യക്തമായത്.

Latest