കുട്ടികളുടെ സുരക്ഷക്ക് വാഹനങ്ങളില്‍ നവ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്ന്

Posted on: June 18, 2019 8:56 pm | Last updated: June 18, 2019 at 8:56 pm

ദുബൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ കുട്ടികള്‍ ഉപേക്ഷിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് സ്ഥാപന മാനേജ്‌മെന്റ്, ഡ്രൈവര്‍മാര്‍, മാതാപിതാക്കള്‍ എന്നിവരോട് ദുബൈ പോലീസ് അഭ്യര്‍ഥിച്ചു.ദുബൈ പോലീസ് കുറ്റാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി ആണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്.

വാഹനങ്ങള്‍ക്കകത്ത് കുട്ടികള്‍ അകപ്പെട്ടുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ആവശ്യമായ മുഴുവന്‍ സുരക്ഷാ നടപടികളും എല്ലാവരും കൈക്കൊള്ളണമെന്നും അല്‍ മന്‍സൂരി ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും ചില ഭാഗങ്ങളില്‍ നിന്ന് കുറ്റകരമായ അനാസ്ഥയും അശ്രദ്ധയും ഉണ്ടാകുന്നതാണ് ദുരന്തങ്ങള്‍ വിളിച്ചുവരുത്തുന്നതെന്നും അല്‍ മന്‍സൂരി ഓര്‍മിപ്പിച്ചു.
കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ അല്‍പ സമയത്തേക്കാണ് നിര്‍ത്തിയിടുന്നതെങ്കിലും വാഹനത്തിലിരിക്കുകയും പുറത്തിറങ്ങുകയും ചെയ്യുന്ന കുട്ടികളുടെ സുരക്ഷയില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധാലുക്കളാവണം. ഇതിനു പുറമെ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സഹായകമാകുന്ന അതിനൂതന സാങ്കേതിക വിദ്യകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ ഉറപ്പുവരുത്തണമെന്നും അല്‍ മന്‍സൂരി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. കുട്ടികളോ മറ്റു പ്രധാന സാമഗ്രികളോ വാഹനത്തിനകത്തുണ്ടായിരിക്കെ വാതിലടച്ചു പോകുമ്പോള്‍ അലാം മുഴക്കി ഡ്രൈവറെയോ മറ്റുള്ളവരെയോ ഓര്‍മപ്പെടുത്തുന്ന സംവിധാനങ്ങളുള്‍പെടെ ഇക്കാര്യത്തില്‍ പരീക്ഷിക്കാവുന്നതാണെന്നും അല്‍ മന്‍സൂരി അഭിപ്രായപ്പെട്ടു.

ദുബൈ അല്‍ഖൂസിലെ ഒരു സ്ഥാപനത്തില്‍ രണ്ട് ദിവസം മുമ്പ് ബസിനകത്ത് അകപ്പെട്ട മലയാളിയായ ആറ് വയസുകാരന്റെ ദാരുണാന്ത്യത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനിടെയാണ് അല്‍ മന്‍സൂരി ഇക്കാര്യം പറഞ്ഞത്.