ഭീകരാക്രമണം; പുല്‍വാമയിലും അനന്ത്‌നാഗിലുമായി മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

Posted on: June 18, 2019 12:26 pm | Last updated: June 18, 2019 at 2:11 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തിങ്കളാഴ്ചയുണ്ടായ ഐ ഇ ഡി സ്‌ഫോടനത്തില്‍ പരുക്കേറ്റ് 92 ബേസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. തിങ്കളാഴ്ച വൈകീട്ട് സൈനികരുടെ പട്രോള്‍ വാഹനത്തിലേക്ക് ഭീകരര്‍ ഐ ഇ ഡി ഘടിപ്പിച്ച ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സൈനിക വാഹനത്തിലുണ്ടായിരുന്ന മറ്റു ഒമ്പതു ജവാന്മാര്‍ക്കും പരുക്കേറ്റു.

അതിനിടെ, അനന്ത്‌നാഗില്‍ ഇന്ന് രാവിലെയുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ സൈനികോദ്യോഗസ്ഥനായ മേജര്‍ കേതന്‍ ശര്‍മ വീരമൃത്യു വരിച്ചു. രണ്ടു ജവാന്മാര്‍ക്ക് പരുക്കേറ്റു. രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.