വീട്ടുപകരണങ്ങള്‍ക്ക് ദിവയുടെ ഇന്‍ഷ്വറന്‍സ്

Posted on: June 17, 2019 7:23 pm | Last updated: June 17, 2019 at 7:23 pm

ദുബൈ: കുറഞ്ഞനിരക്കില്‍ ഭവന ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) കമ്പനിയായ ആര്‍ എസ് എ. വീട്ടിലെ ഉപകരണങ്ങള്‍ ഉള്‍പെടെയുള്ളവക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. ദിവ ഉപയോക്താക്കള്‍ 20 ശതമാനം കുറവ് തുക നല്‍കിയാല്‍ മതി. സ്മാര്‍ട് ആപായ ദിവ സ്റ്റോറില്‍നിന്നാണ് ഇന്‍ഷ്വറന്‍സ് എടുക്കേണ്ടത്. 200 ദിര്‍ഹം മുതല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും.

താമസം മാറുമ്പോള്‍ ഉപകരണങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുക, മോഷണം പോകുക തുടങ്ങിയവക്കെല്ലാം ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുക. ഇന്‍ഷ്വറന്‍സില്‍ ചേര്‍ന്ന് 90 ദിവസത്തിനുള്ളില്‍ ഇങ്ങനെ സംഭവിക്കുന്ന കേടുപാടുകള്‍ക്കും മറ്റുമാണ് പരിരക്ഷ ലഭിക്കുക.
ദിവ ഉപയോക്താക്കളുടെ ജീവിതം സുഗമമാക്കുന്നതിന്റെയും മൂല്യവര്‍ധിത സേവനം നല്‍കുന്നതിന്റെയും ഭാഗമാണ് ഇന്‍ഷ്വറന്‍സെന്ന് ദിവ ഇന്നവേഷന്‍ ആന്‍ഡ് ഫ്യൂചര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മര്‍വാന്‍ ബിന്‍ ഹൈദര്‍ പറഞ്ഞു.

ഇന്‍ഷ്വറന്‍സ് പരിരക്ഷയിലൂടെ ഉപയോക്താക്കള്‍ക്ക് സ്വസ്ഥതയും സന്തോഷവും ലഭിക്കുമെന്ന് ആര്‍ എസ് എ മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡേവിഡ് ഹാരിസ് പറഞ്ഞു. വീട്ടുപകരണങ്ങള്‍ക്കും സ്വകാര്യ വസ്തുക്കള്‍ക്കും ഉള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ വീടിന്റെ യഥാര്‍ഥ ഉടമയുടെ വസ്തുക്കള്‍ക്കു സംഭവിക്കുന്ന കേടുപാടുകള്‍ക്ക് ഒരുലക്ഷം ദിര്‍ഹം വരെയോ ഇന്‍ഷ്വന്‍സ് തുകയുടെ 20 ശതമാനമോ ലഭിക്കും.