Connect with us

Gulf

വിനോദ സഞ്ചാര മേഖലയില്‍ പുത്തനുണര്‍വേകി ഖസ്ര്‍ അല്‍ വത്വന്‍

Published

|

Last Updated

അബുദാബി: അബുദാബിയിലെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വേകി ഖസ്ര്‍ അല്‍ വത്വന്‍. അബുദാബിയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന കേന്ദ്രമായി ഇന്ന് ഇത് മാറി.

അറബ് ലോകത്ത് നിന്നുള്ള ബര്‍മിങ്ഹാം ഖുര്‍ആന്‍ ഉള്‍പടെയുള്ളവയുടെ കയ്യെഴുത്തുപ്രതികള്‍, റോമന്‍ പണ്ഡിതനായ പ്ലിനി ദി എല്‍ഡര്‍ രചിച്ച ഹിസ്റ്റോറിയന്‍ നാനാലിസിസ് വിജ്ഞാനകോശം, ദ് ഗ്രേറ്റ് ഹാളില്‍ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ മേല്‍ക്കൂരകള്‍ ഉള്‍പെടുന്ന വാസ്തുവിദ്യാ, സോളിഡ് മേപ്പിള്‍ ഉപയോഗിച്ച് നിര്‍മിച്ച വാതിലുകള്‍, 23-കാരറ്റ് ഫ്രഞ്ച് ഗോള്‍ഡില്‍ കൈ കൊണ്ട് കൊത്തിയ പാറ്റേണുകള്‍ എന്നിവ ഇവിടുത്തെ പ്രത്യേകതയാണെന്ന് അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു വിനോദ സഞ്ചാര മേഖലയില്‍ പുത്തനുണര്‍വാണ് അബുദാബിയിലുള്ളത്. ഹോട്ടലുകളിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടായിട്ടുള്ളത്. 2018-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോട്ടലുകളുടെ വരുമാനത്തില്‍ മാത്രം 16 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ആദ്യ മൂന്നുമാസം പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അബുദാബിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ക്ക് പുറമെ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരം, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ്, ഐഡക്‌സ് എക്‌സിബിഷന്‍, അബുദാബി റീടൈല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍, പുസ്തകോത്സവം എന്നിവയെല്ലാം വിദേശ സഞ്ചാരികളെ അബുദാബിയിലെത്തിച്ചു. സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കിയ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് ഖസ്ര്‍ അല്‍ വത്വന്‍, വാര്‍ണര്‍ബ്രോസ്, അല്‍ ഹൊസന്‍ സാംസ്‌കാരിക കേന്ദ്രം എന്നിവയെല്ലാം സന്ദര്‍ശകരുടെ ഇഷ്ടയിടമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഭൂരിഭാഗം ഹോട്ടലുകളിലും 79 ശതമാനവും അതിഥികളുണ്ട്. മുറികളില്‍നിന്നുള്ള വരുമാനം 24 ശതമാനമായും ഭക്ഷ്യ, പാനീയങ്ങളില്‍ നിന്നുള്ള വരുമാനം 10.4 ശതമാനമായും ഉയര്‍ന്നു. അബുദാബിയിലെ 169 ഹോട്ടലുകളിലും അപ്പാര്‍ട്ടമെന്റുകളിലുമായി 2019 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 12,91,482 സന്ദര്‍ശകരെത്തി. അമേരിക്ക, ബ്രിട്ടന്‍, ചൈന, ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് കൂടുതലുമെത്തിയത്. ഇതില്‍ അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.8 ശതമാനം വര്‍ധനയുണ്ടായി. അല്‍ ഐനില്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണത്തിലും ഇക്കാലയളവില്‍ കാര്യമായ വര്‍ധനയുണ്ടായി. 1,32,751 ആളുകള്‍ അല്‍ ഐനില്‍ സന്ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19.8 ശതമാനത്തിന്റെ വര്‍ധനയാണിത്. ഖസ്ര്‍ അല്‍ വതനിലെ ലൈബ്രറിയിലെ ഡിജിറ്റല്‍ ശേഖരം 100,000 വരെ വളര്‍ന്നു.

Latest